ഒന്നരപ്പതിറ്റാണ്ടായി സേവന രംഗത്ത് സജീവമായ കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണ പരിപാടി വലിയ ജനപങ്കാളിത്തത്തോടെ നടന്നു. സൊസൈറ്റിയുടെ പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘ചായപ്പയറ്റ്’ ജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടി.
ചായയും പലഹാരങ്ങളും കഴിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് തങ്ങളാൽ ആവുന്ന തുക സംഭാവനയായി നൽകിയത്. കൽപറ്റ ആനപ്പാലം ജംക്ഷൻ സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ‘ടീ ഫോർ ചാരിറ്റി’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മന്ത്രി ടി.സിദ്ദീഖ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗൂഡലായ് കുന്നിലെ കാഞ്ഞായി ജലീൽ–റാഷിദ ദമ്പതികളുടെ 3 വയസ്സുകാരനായ മകൻ തമീം അക്മൽ തൻ്റെ കുഞ്ഞു സമ്പാദ്യക്കുടുക്കയുമായി വേദിയിലെത്തിയത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. കുടുക്കയിലെ തുക സൊസൈറ്റിക്കായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഏറ്റുവാങ്ങി.
കഴിഞ്ഞ 14 വർഷമായി വിവിധ സാമൂഹിക സേവന പദ്ധതികളാണ് സൊസൈറ്റി നടപ്പിലാക്കി വരുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട
ഒന്നാണ് ഓട്ടിസം ബാധിതരായ 86 പേർക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ നൽകുന്ന ‘സ്പർശ്’ പദ്ധതി. ഈ പദ്ധതി കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ധനശേഖരണ യജ്ഞം സംഘടിപ്പിച്ചത്.
പരിപാടിയിൽ ടീ ഫോർ ചാരിറ്റി സംഘാടക സമിതി ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സൂപ്പി കല്ലങ്കോടൻ, കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ.പി.ബഷീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി എസ്.ദേവമനോഹർ, സി.കെ.ശശീന്ദ്രൻ, കൽപറ്റ നഗരസഭാധ്യക്ഷൻ പി.വിശ്വനാഥൻ, എസ്.രാമചന്ദ്രൻ, മുൻ സന്തോഷ് ട്രോഫി താരം എം.കെ.പ്രഹ്ലാദൻ, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പർ കെ.ടി.ചാക്കോ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

