സംസ്ഥാനത്തെ ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും 24 മണിക്കൂറും സ്പെഷ്യൽറ്റി വിഭാഗം ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി പരീക്ഷണാടിവിലുള്ള പ്രവർത്തനം പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചു. അനസ്തെറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ജനറൽ മെഡിസിൻ ഫിസിഷ്യൻ എന്നിവരും മുൻപ് ഉണ്ടായിരുന്ന ശിശുരോഗ വിദഗ്ധനും ഇന്നലെ (01) അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകാൻ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിൽ 4 ഡോക്ടർമാർകൂടി ചുമതലയേൽക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി പൂർണതോതിലേക്ക് വ്യാപിപ്പിക്കും.
ഇന്നലെ വൈകിട്ട് മുതൽ രാത്രി 8 വരെ കാര്യമായ അപകടക്കേസുകൾ ഒന്നും തന്നെ ആശുപത്രിയിൽ എത്തിയിരുന്നില്ല. എങ്കിലും, കുളത്തൂപ്പുഴയിൽ ഉറിയടി മത്സരത്തിനിടെ വലതു കണ്ണിനു താഴെ മുറിവേറ്റ് എത്തിയ വിദ്യാർഥിക്ക് രാത്രി 8 മണിയോടെ അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കി.
മുൻപ് ചെറിയ മുറിവുപറ്റി വരുന്നവരെപ്പോലും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണെന്ന് മന്ത്രി കെ.മുരളീധരൻ ആശുപത്രി സന്ദർശിച്ച വേളയിൽ ജനപ്രതിനിധികളും രോഗികളും നേരിട്ട് പരാതിപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ രാവിലെ 8 മുതൽ രാത്രി 8 വരെ സ്പെഷ്യൽറ്റി വിഭാഗത്തിലെ മുഴുവൻ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും.
എന്നാൽ രാത്രി 8നും രാവിലെ 8നും ഇടയിൽ എത്തുന്ന കേസുകളിൽ ഫോൺ വഴി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ നിർദേശിക്കുന്നതാണ്. രാവിലെ 8 മുതൽ രാത്രി 8 വരെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഏത് ഗുരുതര കേസുകളും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാതെ ഇവിടെ തന്നെ ശസ്ത്രക്രിയ അടക്കം ചെയ്യാനാണ് തീരുമാനം എടുത്തിട്ടുള്ളത്.
സി. അജയപ്രസാദ് എംഎൽഎ രാവിലെ ആശുപത്രിയിലെത്തി പുതുതായി ചുമതലയേറ്റ ഡോക്ടർമാരുമായി ആശയവിനിമയം നടത്തി.
സ്പെഷലിസ്റ്റ് ഡോക്ടർമാർക്കായി അഭിമുഖം 3ന്
എൻഎച്ച്എം വഴി കൂടുതൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം 3ന് ആശുപത്രിയിൽ വച്ച് നടക്കും. പുതിയ സ്പെഷ്യൽറ്റി ഡോക്ടർമാർ എല്ലാവരും എത്തിയാലും 24 മണിക്കൂറും സ്പെഷ്യൽറ്റി വിഭാഗങ്ങളുടെ ഒപി ഉണ്ടായിരിക്കില്ല.
ആദ്യ ഘട്ടത്തിൽ അത്യാഹിത വിഭാഗത്തിൽ മാത്രമായിരിക്കും ഈ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക. നിലവിലുള്ള സാധാരണ ഒപികളുടെ സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ്.
യൂറോളജി ഒപി രാവിലെ 8.30 മുതൽ പ്രവർത്തിച്ചു തുടങ്ങി. എന്നാൽ കാത്ത് ലാബ് പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതിനാൽ ഹൃദ്രോഗം സംബന്ധിച്ച കേസുകൾ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വരും.
ഓണത്തിനു ശേഷം ഏറ്റവും കൂടുതൽ ഒപി ടിക്കറ്റുകൾ വിതരണം ചെയ്തത് തിങ്കളാഴ്ചയായിരുന്നു. അന്ന് 2750 ലേറെ രോഗികൾ ചികിത്സ തേടി എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

