പെട്രോൾ, ഡീസൽ വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ സിഎൻജിയിലേക്ക് മാറിയ കണ്ണൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. ഇന്ധനവിലയിലെ മുൻതൂക്കം ലക്ഷ്യമിട്ട് വാഹനം മാറ്റിയ തൊഴിലാളികളുടെ നില ഇപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായിരിക്കുകയാണ്.
അഞ്ച് വർഷം മുൻപ് കിലോയ്ക്ക് 55 രൂപയുണ്ടായിരുന്ന സിഎൻജിക്ക് ഇപ്പോൾ 101 രൂപയാണ് വില. പെട്രോൾ–ഡീസൽ വിലയ്ക്കൊപ്പം സിഎൻജിയും എത്തിയതോടെ പ്രതീക്ഷകളെല്ലാം തകർന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലാണ് ജില്ലയിൽ സിഎൻജി ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങിത്തുടങ്ങിയത്. ഡീസൽ ഓട്ടോറിക്ഷയ്ക്ക് 3 ലക്ഷം രൂപ വില വരുമ്പോൾ, സിഎൻജി ഓട്ടോറിക്ഷയ്ക്ക് മൂന്നര ലക്ഷം രൂപയാണ് വില വരുന്നത്.
ഒരു ഓട്ടോറിക്ഷയുടെ ടാങ്ക് കപ്പാസിറ്റി 4 കിലോയാണ്. ഒരു കിലോ സിഎൻജി ഉപയോഗിച്ച് 30 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും.
പെട്രോളിന് ലീറ്ററിന് 90 രൂപയും സിഎൻജിക്ക് കിലോയ്ക്ക് 53 രൂപയും ഉണ്ടായിരുന്ന ഘട്ടത്തിലാണ് പലരും വലിയ തുക ലാഭം പ്രതീക്ഷിച്ച് സിഎൻജി വാഹനം തിരഞ്ഞെടുത്തത്. എന്നാൽ പലരും വായ്പയെടുത്തും സ്വർണം പണയം വച്ചുമാണ് ഈ വാഹനങ്ങൾ വാങ്ങിയത്.
നിലവിലെ വിലക്കയറ്റം ഇവരെ വലിയ കടക്കെണിയിലാക്കിയിരിക്കുകയാണെന്ന് ദേശീയ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ സെക്രട്ടറി കുന്നത്ത് രാജീവൻ വ്യക്തമാക്കി. കൂടാതെ ഉയർന്ന അറ്റകുറ്റപ്പണി ചെലവും തൊഴിലാളികൾക്ക് ഇരുട്ടടിയാകുന്നുണ്ട്.
സ്പെയർ പാർട്സുകൾക്ക് വലിയ തുക നൽകേണ്ടി വരുന്നതിനൊപ്പം ചെറിയ കേടുപാടുകൾക്ക് പോലും കമ്പനിയെത്തന്നെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്.
സർവീസിന് നൽകിയാൽ വാഹനം തിരിച്ചുകിട്ടാൻ ദിവസങ്ങളെടുക്കുന്നതും ലേബർ ചാർജ് വർധനയും പ്രതിസന്ധി ഇരട്ടിയാക്കുന്നു. മൂന്ന് വർഷം കൂടുമ്പോൾ സിഎൻജി ടാങ്ക് പരിശോധന നടത്തി പുതിയ അനുമതി പത്രം നേടിയാൽ മാത്രമേ വാഹനം നിരത്തിലിറക്കാൻ സാധിക്കൂ എന്നതും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

