പാവറട്ടി ടൗണിലെ ഗതാഗത തടസ്സങ്ങൾ പരിഹരിക്കുന്നതിനായി പുതിയ വൺവേ സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനാണ് ഭരണകൂടം ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം ആദ്യഘട്ടത്തിൽ സ്കൂൾ സമയങ്ങളെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 8.30 മുതൽ 10.30 വരെയും, വൈകിട്ട് 3.30 മുതൽ 5.30 വരെയുമാണ് വൺവേ പ്രാബല്യത്തിലുണ്ടാവുക.
പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ, എസ്ഐ ടി.സി.അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഇതിന്റെ ട്രയൽ റൺ പൂർത്തിയാക്കി. ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജനപ്രതിനിധികൾ, ബസ് ഓണേഴ്സ് അസോസിയേഷൻ, ഓട്ടോ-ടാക്സി യൂണിയൻ പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. പുതിയ ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ: • ചാവക്കാട്, ഗുരുവായൂർ ഭാഗങ്ങളിൽ നിന്ന് പാവറട്ടിയിലേക്ക് എത്തുന്ന വാഹനങ്ങൾ നേരിട്ട് സെന്ററിലേക്ക് പ്രവേശിക്കാൻ പാടില്ല.
ഇത്തരം വാഹനങ്ങൾ ബസ് സ്റ്റാൻഡ് വഴി ഇടത്തേക്ക് തിരിഞ്ഞ് കിഴക്കേ റോഡ് മുഖേന വേണം സെന്ററിലെത്താൻ.
• കുണ്ടുവക്കടവ് റോഡിലൂടെ എത്തുന്ന വാഹനങ്ങൾ സെന്ററിൽ നിന്ന് ഇടത്തോട്ട് ചാവക്കാട് റോഡിലേക്ക് തിരിയണം. ഇവിടെ നിന്ന് വലത്തോട്ട് തിരിയുന്നതിന് അനുവാദമില്ല.
• പൂവത്തൂർ ഭാഗത്ത് നിന്ന് പാവറട്ടി ലക്ഷ്യമാക്കി വരുന്ന വാഹനങ്ങൾ സെന്ററിൽ നിന്ന് വലത്തോട്ട് ചിറ്റാട്ടുകര റോഡിലേക്ക് പ്രവേശിക്കാൻ പാടില്ല.
• ചിറ്റാട്ടുകര റോഡ് വഴി എത്തുന്ന വാഹനങ്ങൾ നേരിട്ട് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിന് പകരം, സെന്റർ ചുറ്റി വേണം ലക്ഷ്യസ്ഥാനത്തെത്താൻ.
• ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കുന്ന ബസുകൾ ചാവക്കാട് റോഡിൽ മാക്സ്വെല്ലിന് സമീപം നിർത്തി വീണ്ടും ആളെ കയറ്റാൻ പാടില്ല.
• കുണ്ടുവക്കടവ് റോഡ് വഴി വരുന്ന ഓട്ടോറിക്ഷകൾ ആമ്പാടി ബിൽഡിങ്ങിന് സമീപം യാത്രക്കാരെ ഇറക്കി തിരികെ പോകണം.
സെന്ററിൽ എത്തി യു ടേൺ എടുക്കുന്നതിന് കർശനമായ നിരോധനമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

