2026 സാമ്പത്തിക വർഷത്തിൽ സേവിങ്സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താൻ കഴിയാത്ത ഉപഭോക്താക്കളിൽ നിന്ന് രാജ്യത്തെ ബാങ്കുകൾ പിഴത്തുകയായി ഈടാക്കിയത് 7086 കോടി രൂപ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കുകൾ പ്രകാരമാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
ഈ ഇനത്തിൽ ഏറ്റവും കൂടുതൽ തുക ശേഖരിച്ചിട്ടുള്ളത് സ്വകാര്യ ബാങ്കുകളാണ്. സ്വകാര്യ മേഖലയിലെ ബാങ്കുകൾക്ക് 4,948.71 കോടി രൂപ ലഭിച്ചപ്പോൾ, പൊതുമേഖലാ ബാങ്കുകൾക്ക് 2,137.92 കോടി രൂപയാണ് പിഴയായി ലഭിച്ചത്.
നിലവിലുള്ള ആകെ 12 പൊതുമേഖലാ ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെയുള്ള 10 ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിലനിർത്തേണ്ടത് നിർബന്ധമല്ല. സ്വകാര്യ ബാങ്കുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, 1,798.14 കോടി രൂപ ഈടാക്കിയ എച്ച്ഡിഎഫ്സി ബാങ്കാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
1,081.83 കോടി രൂപ പിഴയായി ലഭിച്ച ആക്സിസ് ബാങ്കാണ് ഇതിൽ തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ ആകെ 19 സ്വകാര്യ ബാങ്കുകൾക്ക് ലഭിച്ച മൊത്തം പിഴത്തുകയുടെ 58 ശതമാനവും ഈ രണ്ട് ബാങ്കുകൾ മാത്രമാണ് ഈടാക്കിയിട്ടുള്ളത്.
അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ വിഭാഗത്തിൽ 477.27 കോടി രൂപ ഈടാക്കിയ എസ്ബിഐയാണ് മുന്നിൽ നിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

