ഇന്ത്യൻ സിനിമയിലെ വലിയ മുതൽമുടക്കോടെ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’. നമിത് മൽഹോത്ര നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാമനായി രൺബീർ കപൂർ വേഷമിടുമ്പോൾ, സീതയായെത്തുന്നത് പ്രമുഖ തെന്നിന്ത്യൻ നായിക സായ് പല്ലവി ആണ്.
ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ രാവണനായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ സൂപ്പർതാരം യഷ് ആണ്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘ജയ് ജയ് റാം’ എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ.
റഹ്മാൻ ആണ്. ഗായകൻ അർജീത് സിങ്ങും ഗായിക ശ്രേയ ഘോഷാലും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
സ്പോട്ടിഫൈ അടക്കമുള്ള പ്രധാന മ്യൂസിക് പ്ലാറ്റ്ഫോമുകളിൽ നിലവിൽ ഈ ഗാനം ലഭ്യമാണ്. ഇതുവരെ കാണാത്തവിധത്തിലുള്ള ഗംഭീര ദൃശ്യവിസ്മയമായിരിക്കും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ചിത്രത്തിന്റെ ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്.
ഏവർക്കും സുപരിചിതമായ കഥയാണെങ്കിലും, മേക്കിങ്ങിലും പ്രൊഡക്ഷൻ ക്വാളിറ്റിയിലും ഏറെ മികവു പുലർത്തുന്നതാണ് ‘രാമായണ’യുടെ ട്രെയിലർ. ചിത്രത്തിൽ രാമനായി എത്തുന്ന രൺബീറിനെക്കാളും വലിയ രീതിയിൽ കയ്യടി വാരിക്കൂട്ടുന്നത് രാവണനായി വേഷമിടുന്ന യഷ് ആണ്.
യഷിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലേത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. അതേസമയം, ട്രെയിലറിൽ ഹനുമാന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ്.
സണ്ണി ഡിയോൾ ചിത്രത്തിൽ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ താരം ശോഭന കൈകേയിയായാണ് വേഷമിടുന്നത്. മുൻപ് ദൂരദർശനിലെ രാമായണ പരമ്പരയിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ സിനിമയിൽ ദശരഥ മഹാരാജാവായി വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
കൂടാതെ ലക്ഷ്മണനായി രവി ദുബെ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ്, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോ, ഇന്ദ്രനായി കുനാൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ചിത്രം ഒരു ദീപാവലി റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് വിവരം.
ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്.
അതിനിടയിൽ, ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റഴിഞ്ഞിരിക്കുന്നത്. പ്രമുഖ സംഗീത കമ്പനിയായ ടി-സീരീസാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
75 കോടി രൂപയുടെ അഡ്വാൻസ് കരാറാണ് ഇതിനായി നടന്നിരിക്കുന്നതെന്നും, ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിൽ ഒന്നാണെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

