തിരുവനന്തപുരം: ശബരിമലയിലേക്ക് വിതരണം ചെയ്യാനായി എത്തിച്ച മിൽമ നെയ്യ് മറിച്ചുവിറ്റ സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. മിൽമ ഉദ്യോഗസ്ഥരുടെ പങ്ക് തെളിവുകൾ സഹിതം പുറത്തുവന്നതിന് പിന്നാലെയാണ് ദേവസ്വം ജീവനക്കാരുടെ ഒത്താശയും വെളിച്ചത്തായിരിക്കുന്നത്.
മിൽമ ജീവനക്കാരെ ദേവസ്വം ഉദ്യോഗസ്ഥർ സഹായിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചയാളാണ് ഈ അഴിമതിയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത്.
സംഭവത്തെക്കുറിച്ച് ദേവസ്വം ബോർഡ് ഭരണസമിതിക്കും മിൽമ ഭരണസമിതിക്കും നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, ഇടപാടുമായി ബന്ധപ്പെട്ട
മുഴുവൻ രേഖകളും ഹാജരാക്കാൻ ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. മിൽമ നെയ്യ് മറിച്ചുവിട്ട് പകരം നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ച സംഭവത്തിൽ അന്വേഷണം ദേവസ്വം ബോർഡിലേക്കും വ്യാപിപ്പിച്ചു.
ബോർഡിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി വിശദമായ റിപ്പോർട്ട് തേടിയത്. ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചതെന്ന് ദേവസ്വം കമ്മീഷണർ അന്വേഷിക്കും.
നെയ്യ് നൽകിയ മിൽമയെപ്പോലെ തന്നെ അത് വാങ്ങിയ ദേവസ്വം ബോർഡിനും ഈ ഇടപാടിൽ ഉത്തരവാദിത്വമുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തിൽ വിജിലൻസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

