സംസ്ഥാനത്തെ പോലീസ് സംഘടനകളുടെ എണ്ണം മൂന്നിൽനിന്ന് രണ്ടായി വെട്ടിച്ചുരുക്കിക്കൊണ്ടുള്ള സർക്കാർ നടപടിക്ക് കേരള ഹൈക്കോടതിയുടെ തടസ്സവാതം. പോലീസ് സംഘടനകളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് കേരള പൊലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണായക നടപടി.
ഹർജിയിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ പുനഃസംഘടനയുമായി ബന്ധപ്പെട്ട എല്ലാ തുടർനടപടികളും സ്റ്റേ ചെയ്യുന്നതായി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
ഈ സ്റ്റേ ഉത്തരവ് നിലനിൽക്കുന്നതിനാൽത്തന്നെ കേസിൽ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ പാടില്ലെന്ന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കേണ്ടതിന്റെ അടിയന്തര സാഹചര്യമോ അനിവാര്യമായ കാരണങ്ങളോ പ്രഥമദൃഷ്ട്യാ സർക്കാർ ഉത്തരവിലില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഈ ഇടപെടൽ.
നിലവിലുണ്ടായിരുന്ന പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ മൂന്ന് സംഘടനകളുടെയും ഭരണസമിതികളെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഇതിനു പകരമായി പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ രണ്ട് സംഘടനകൾ മാത്രമായിരിക്കും ഇനി ഉണ്ടാകുക എന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്.
ഇതോടെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ (കെപിഒഎ) ഇല്ലാതാകുന്ന സാഹചര്യം വന്നു ചേരുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 30നു മുൻപായി പുതിയ ഭരണസമിതി നിലവിൽ വരുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം.
അതുവരെയുള്ള ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായാണ് താൽക്കാലികമായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നത്. എന്നാൽ ഈ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ ഹൈക്കോടതിയുടെ സ്റ്റേ തിരിച്ചടിയായിരിക്കുന്നത്.
അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണം തികച്ചും ചട്ടവിരുദ്ധമാണെന്നും നിലവിലുള്ള ഭരണസമിതിയിലെ അംഗങ്ങളെ ഒഴിവാക്കിയാണ് കമ്മിറ്റി ഉണ്ടാക്കിയതെന്നും ചൂണ്ടിക്കാണിച്ചു നേരത്തെ തന്നെ വലിയ തോതിലുള്ള എതിർപ്പുകൾ ഉയർന്നു വന്നിരുന്നു. കൊച്ചിയിൽ നിന്നുള്ള നിയമനടപടികൾ സംസ്ഥാനത്തെ പോലീസ് സംഘടനകൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

