പ്രസിദ്ധമായ ഓണാട്ടുകര പൂരത്തിന്റെ ഭാഗമായി പരബ്രഹ്മഭൂമിയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഇനി ഒൻപതാം നാൾ കൂറ്റൻ കെട്ടുകാളകളെ അണിനിരത്തി കരക്കാർ കെട്ടുത്സവത്തിന്റെ വർണക്കാഴ്ചകളാണ് ഒരുക്കുന്നത്.
കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾ ഉൾപ്പെടുന്ന ഓണാട്ടുകര മേഖലയിലെ 52 കരകളിൽ നിന്നായി ഇരുനൂറോളം കെട്ടുകാളകളെയാണ് ഇത്തവണ എഴുന്നള്ളിക്കുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
കാളമൂട്ടിലെ കഞ്ഞിസദ്യയും വഴിപാടുകളും
കാളമൂട്ടിലെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അന്നം ബ്രഹ്മം എന്ന സങ്കൽപത്തിലുള്ള അന്നദാനം. പഴയകാലത്ത് കൃഷിയുമായി ബന്ധപ്പെട്ട് രൂപംകൊണ്ട
ആചാരമാണിത്. വിളവെടുപ്പിന് ശേഷമുള്ള കാർഷിക ഉത്സവമായ 28–ാം ഓണത്തിന് കർഷകർ വിളകൾ സമർപ്പിച്ച് തുടങ്ങിയ വഴിപാടാണ് ഇന്നത്തെ കാളമൂട്ടിലെ പ്രധാന ചടങ്ങായ കഞ്ഞിസദ്യയായി മാറിയത്.
കഞ്ഞി, മുതിര, പുഴുക്ക്, അച്ചാർ, പപ്പടം എന്നിവയാണ് പ്രധാന വിഭവങ്ങൾ. കെട്ടുകാളയുടെ നിർമാണം ആരംഭിക്കുന്ന ദിവസം മുതൽ മിക്ക കരകളിലും കഞ്ഞിസദ്യ ആരംഭിക്കാറുണ്ട്.
പുതുപ്പള്ളി തെക്ക് പരബ്രഹ്മം കാളകെട്ട് സമിതിയിൽ 32 ദിവസത്തെ കഞ്ഞിസദ്യയാണ് നടക്കുന്നത്. മേമന യുവജന സമിതിയിലും വിപുലമായ തോതിൽ കഞ്ഞിസദ്യ സംഘടിപ്പിക്കുന്നുണ്ട്.
കഞ്ഞിസദ്യയ്ക്ക് പുറമെ സമൂഹസദ്യയും പ്രധാന വഴിപാടാണ്. പ്രയാർ വടക്ക് കരയിൽ ശിവപുരാണ യജ്ഞത്തോടനുബന്ധിച്ച് 9 ദിവസത്തെ സമൂഹസദ്യയുണ്ട്.
മറ്റ് കരകളിൽ ശിരസ്സ് ഉറപ്പിക്കൽ ദിവസം, ഉത്രാട സദ്യ എന്നീ ദിവസങ്ങളിലാണ് സമൂഹസദ്യ നടത്തുന്നത്.
കൃഷ്ണപുരം കരയിൽ വള്ളസദ്യയും സംഘടിപ്പിക്കും. വൈകിട്ട് പായസ സദ്യയും തുടർന്ന് പുഴുക്കും ചുക്കുകാപ്പിയും നൽകും.
പുഴുക്കിനോടൊപ്പം വിവിധതരം ചമന്തികളും ചിലയിടങ്ങളിൽ അവലും വിളമ്പാറുണ്ട്. ശിരസ്സ് ഘോഷയാത്രയും വിശേഷങ്ങളും
കെട്ടുകാളയുടെ ശിരസ്സ് ഘോഷയാത്രയായി കാളമൂട്ടിലെത്തിക്കുന്ന പാരമ്പര്യ ചടങ്ങ് ഇത്തവണയും സജീവമാണ്.
ശിരസ്സിനൊപ്പം നെറ്റിപ്പട്ടം ഉൾപ്പെടെയുള്ള മറ്റ് അലങ്കാര വസ്തുക്കളും ദേശപ്രദക്ഷിണം നടത്തിയാണ് കാളമൂട്ടിലെത്തിക്കുന്നത്. ഇക്കുറി പുതുതായി 21 കെട്ടുകാളകളെയാണ് കരക്കാർ മേളത്തിലേക്ക് ഇറക്കുന്നത്.
ഇതിൽ 18 എണ്ണത്തിന്റെ ശിരസ്സുകൾ ഇതിനോടകം കാളമൂട്ടിലെത്തിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ വരുന്ന ദിവസങ്ങളിൽ എത്തും.
ഓരോ കാളമൂട്ടിലും ഗണപതി ഹോമം, ഭാഗവത പാരായണം, പ്രഭാഷണം, അഖണ്ഡനാമ ജപം, ഭജന എന്നിവ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സാംസ്കാരിക സമ്മേളനങ്ങൾ, ക്ഷേത്രകലകൾ, തിരുവാതിര, നാടൻ കലകൾ, കുത്തിയോട്ട
ചുവടും പാട്ടും, നാടൻപാട്ട് തുടങ്ങി വിവിധ കലാപരിപാടികൾക്ക് പരബ്രഹ്മഭൂമി വേദമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

