സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. സ്ഥാനമൊഴിഞ്ഞ ശേഷം രാഷ്ട്രീയ ചർച്ചകളിൽ നിന്ന് പൂർണ്ണമായി മാറി നിന്നിരുന്ന അദ്ദേഹം, തനിക്കെതിരായ ഒളിക്യാമറ വിവാദങ്ങൾക്ക് പിന്നാലെയാണ് കളംമാറ്റി ചവിട്ടുന്നത്.
തന്നോട് അനുഭാവം പ്രകടിപ്പിക്കുന്ന പ്രമുഖ നേതാക്കളെ സിദ്ധരാമയ്യ പ്രാതൽ ചർച്ചയ്ക്ക് ക്ഷണിച്ചതോടെ കർണാടക കോൺഗ്രസിനുള്ളിൽ പുതിയ രാഷ്ട്രീയ ചേരിതിരിവുകൾ സജീവമാകുകയാണ്. ഇതിന് പിന്നാലെയാണ്, വിവാദമായ ഒളിക്യാമറ കേസിൽ സിദ്ധരാമയ്യയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ് ക്ലീൻ ചിറ്റ് നൽകിയത് എന്നതും ശ്രദ്ധേയം.
കർണാടകയിൽ ഭരണമാറ്റമുണ്ടാവുകയും ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു സിദ്ധരാമയ്യയുടെ ഈ പ്രഖ്യാപനം.
സജീവ രാഷ്ട്രീയ ചർച്ചകളിൽ നിന്നെല്ലാം മാറി നിന്ന മുൻ മുഖ്യമന്ത്രി, പക്ഷേ മന്ത്രിസഭാ വികസനത്തിൽ വിശ്വസ്തർ തഴയപ്പെട്ടതോടെ അസ്വസ്ഥനാകുകയായിരുന്നു. ഇതിനു പിന്നാലെ കൂനിന്മേൽ കുരു എന്ന മട്ടിലെത്തിയ ഒളിക്യാമറാ വിവാദവും പിന്നിൽ ഡി.കെ.ശിവകുമാറാണെന്ന ജെഡിഎസ് നേതാവും കേന്ദ്ര മന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുടെയും ആരോപണവും വിഷയം സങ്കീർണ്ണമാക്കി.
എന്നാൽ പരസ്യ പ്രതികരണങ്ങൾക്ക് സിദ്ധരാമയ്യ തയ്യാറായിരുന്നില്ല. പക്ഷേ താൻ സംശയ നിഴലിൽ നിൽക്കുന്പോഴും അന്വേഷണം ഊർജിതമായി നടക്കാതെ വന്നതോടെ അദ്ദേഹം ആദ്യ വെടിപൊട്ടിച്ചു.
പിന്നാലെ വിഡിയോ അപ്ലോഡ് ചെയ്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഒളിക്യാമറ ദൃശ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചു എന്നാരോപിക്കപ്പെടുന്ന ബാലാവകാശ കമ്മീഷൻ മുൻ അധ്യക്ഷ കൂടിയായ കൃപ ആൽവ എന്ന കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെ നടപടി എടുക്കാതെ വന്നതോടെ സിദ്ധരാമയ്യ ക്യാന്പ് വീണ്ടും സജീവമാകുകയായിരുന്നു. സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണാടകത്തിൽ സന്പൂർണ പരാജയം നേരിട്ടതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്.
തന്നെ അനികൂലിക്കുന്നവരെ അദ്ദേഹം പ്രാതൽ ചർച്ചയ്ക്ക് ക്ഷണിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്നെന്ന തോന്നൽ മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനുമുണ്ട്. ഇതിന് പിന്നാലെയാണ് ഒളിക്യാമറാ വിവാദത്തിൽ സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകി കർണാടക പൊലീസ് ഔദ്യോഗികമായി തന്നെ വാർത്താക്കുറിപ്പിറക്കിയത്.
മുൻ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ കഴന്പില്ലെന്നും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു പിന്നിലെന്നുമാണ് കർണാടക പൊലീസിന്റെ സിസിബി വിഭാഗം വ്യക്തമാക്കുന്നത്. കോൺഗ്രസ് പ്രഖ്യാപിച്ച ദില്ലി മാർച്ചിനായി എത്തുന്പോൾ ഹൈക്കമാൻഡ് നേതാക്കളെ കാണാനൊരുങ്ങുന്ന സിദ്ധരാമയ്യ ഈ നടപടിയോടെ അയയുമോ എന്നാണ് ഇനി അറിയേണ്ടത്.
ഒളിക്യാമറ വിവാദത്തിൽ പാർട്ടിക്കകത്ത് നടപടി ഉണ്ടാകുമോ എന്നും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

