കർണാടകയിൽ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷന് (എസ്ഐആർ) പിന്നാലെ 99.3 ലക്ഷം പേരുകൾ വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്ത നടപടിയെ അനുകൂലിച്ച് കോൺഗ്രസ് നേതാവും മന്ത്രിയുമായ സതീഷ് ജാർക്കിഹോളി രംഗത്ത്. സംസ്ഥാനത്ത് കൃത്യമായ രീതിയിലാണ് എസ്ഐആർ നടപ്പിലാക്കിയതെന്നും ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവിലാണ് മന്ത്രിയുടെ പ്രതികരണം. സ്ഥലത്തില്ലാത്തവർ എന്ന് രേഖപ്പെടുത്തി വോട്ടർമാരെ ഒഴിവാക്കിയ നടപടിക്കെതിരെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ് രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് എസ്ഐആറിനെ പരസ്യമായി പിന്തുണച്ച് മന്ത്രി തന്നെ എത്തിയിരിക്കുന്നത്. ‘‘ഞങ്ങളുടെ പ്രതിഷേധങ്ങളും പരിശീലനവും കാരണം കർണാടകയിൽ ശരിയായ രീതിയിലാണ് എസ്ഐആർ നടന്നത്.
മറ്റു സംസ്ഥാനങ്ങളിലും ഇതേപോലെ നടക്കണമായിരുന്നു. ഇവിടെനിന്നു താമസം മാറിയവരെയോ, മരിച്ചവരെയോ അല്ലെങ്കിൽ ഇരട്ടിപ്പ് വന്നവരെയോ ആണ് ഒഴിവാക്കിയിട്ടുള്ളത്’’– മന്ത്രി പറഞ്ഞു.
എസ്ഐആറിൽ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാസഖ്യം നവംബർ ഒന്നിന് ഡൽഹിയിൽ പ്രതിഷേധ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് ജാർക്കിഹോളിയുടെ വിവാദ പരാമർശം പുറത്തുവന്നിരിക്കുന്നത്. ഈ ആഴ്ച പുറത്തിറക്കിയ പുതിയ വോട്ടർപട്ടിക പ്രകാരം സംസ്ഥാനത്ത് 4.55 കോടി വോട്ടർമാരാണുള്ളത്.
മുൻപ് ഇത് 5.54 കോടിയായിരുന്നു. അതേസമയം, മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നിലപാടിനെ പിന്തുണച്ച് ബിജെപി നേതൃത്വം രംഗത്തെത്തി.
നിയമപരവും തികച്ചും സുതാര്യവുമായ രീതിയിലാണ് എസ്ഐആർ നടപ്പാക്കിയതെന്നും എന്നാൽ കോൺഗ്രസ് ഇതിനെ വെറുതെ വിവാദമാക്കുകയാണെന്നും ബിജെപി വക്താവ് ജി.എസ്.പ്രശാന്ത് അഭിപ്രായപ്പെട്ടു. എസ്ഐആറിൽ യാതൊരുവിധ ഗൂഢാലോചനയും ഇല്ലെന്ന് ജാർക്കിഹോളിക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ സ്വന്തം പാർട്ടിക്കുള്ള കൃത്യമായ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

