കർണാടകയിലെ തുംകൂരുവിൽ കാറിനുള്ളിൽ നാടൻ ബോംബ് പൊട്ടിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പ്രണയപ്പകയെത്തുടർന്ന് യുവതിയെ ആക്രമിച്ച് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നാഗേന്ദ്രയ്ക്കെതിരെ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ള രമ്യ നൽകിയ മൊഴി കേസിൽ നിർണായകമായി. ഇന്നലെ രാവിലെ 11.30-ഓടെ ജയനഗറിലെ വീട്ടിലെത്തിയ നാഗേന്ദ്ര, കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തന്നെ കാറിൽ കയറ്റിക്കൊണ്ടുപോയതെന്ന് രമ്യ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
കൈവശം ബോംബുണ്ടെന്നും അത് പൊട്ടിക്കുമെന്നും കാണിച്ച് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും അവർ കൂട്ടിച്ചേർത്തു. അങ്കോളയിലെ നാഗേന്ദ്രയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ മറ്റൊരു നാടൻ ബോംബ് കൂടി കണ്ടെടുത്തു.
ഇത് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ സുരക്ഷിതമായ സ്ഥലത്തെത്തിച്ച് നിർവീര്യമാക്കി. അതേസമയം, പ്രതിക്ക് ബോംബ് നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളോ സ്ഫോടകവസ്തുക്കളോ ലഭിച്ചത് എവിടെ നിന്നാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സംഭവം നടക്കുമ്പോൾ ഇരുവരും സഞ്ചരിച്ചിരുന്ന കാബ് ഡ്രൈവറുടെ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. നാഗേന്ദ്ര യുവതിയെ തട്ടിക്കൊണ്ടുപോയ വിവരം സുഹൃത്ത് അറിയിച്ചതിനെത്തുടർന്ന്, വാഹനം പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടാൻ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു.
ഇതറിഞ്ഞ പ്രകോപിതനായ നാഗേന്ദ്ര രമ്യയെ കുത്തുകയായിരുന്നു. ഉടൻ തന്നെ വാഹനം നിർത്തി രമ്യയെ പുറത്തിറക്കിയ ഡ്രൈവറുടെ അവസരോചിത ഇടപെടൽ അവരുടെ ജീവൻ രക്ഷിച്ചു.
നിലവിൽ രമ്യ അപകടനില തരണം ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

