രാജ്യത്ത് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുവാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇതിന്റെ ഭാഗമായി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നൽകാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ റോഡുകളിൽ ഓടുന്ന വാഹനങ്ങളിൽ വലിയൊരു ശതമാനത്തിനും കൃത്യമായ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങളെ കണ്ടെത്താനും അവയ്ക്ക്മേൽ പിഴ ഈടാക്കാനും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണമെന്ന് കോടതി വ്യക്തമാക്കി.
വാഹനാപകടങ്ങളിൽ ഇരയാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം വൈകാതെ ലഭ്യമാക്കുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ച് ഈ നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്. രാജ്യത്തെ നിരത്തുകളിലെ മൊത്തം വാഹനങ്ങളിൽ 56 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
ഈ അവസ്ഥ വാഹനാപകടങ്ങളിൽ പെടുന്നവരുടെ കുടുംബങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം വൈകിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചു.
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ ഓട്ടോമാറ്റിക് ഇ-ചെലാനുകൾ ലഭ്യമാക്കുന്നതിനായി ഇൻഷുറൻസ് ഡാറ്റാബേസിനെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ (എഎൻപിആർ) ക്യാമറകളുമായി ഘടിപ്പിക്കുക, വാഹനങ്ങളുടെ ഇൻഷുറൻസ് സ്ഥിതി പരിശോധിക്കാൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് ഹാൻഡ്ഹെൽഡ് ഉപകരണങ്ങൾ അനുവദിക്കുക, പുതിയ വാഹനങ്ങളുടെ നിർബന്ധിത തേഡ് പാർട്ടി ഇൻഷുറൻസ് കാലാവധി ദീർഘിപ്പിക്കുക, നിലവിലുള്ള പഴയ വാഹനാപകട നഷ്ടപരിഹാര കേസുകൾ വേഗത്തിൽ തീർപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

