പശ്ചിമേഷ്യയിലെ ശമനമില്ലാത്ത പ്രതിസന്ധികളും യുഎസ് പ്രസിഡന്റ് ട്രംപ് ഇടയ്ക്കിടെ തൊടുത്തുവിടുന്ന ഉപരോധ, തീരുവ വെല്ലുവിളികളും ആഗോള സമ്പദ്വ്യവസ്ഥയെ ഉലച്ചിരിക്കേ, അവസരത്തിനൊത്ത് വിപണി വിപണിക്കാൻ തന്ത്രമിറക്കി ഇന്ത്യ. വിദേശ നിക്ഷേപം, സാങ്കേതികവിദ്യയിലെ സഹകരണം, ഊർജോൽപന്ന ലഭ്യത തുടങ്ങിയവ ഉന്നമിട്ട് നാല് പ്രമുഖരെയാണ് നരേന്ദ്ര മോദി സർക്കാർ ‘തന്ത്രപ്രധാന’ രാജ്യങ്ങളിലേക്ക് പറഞ്ഞയച്ചിരിക്കുന്നത്.
സെപ്റ്റംബർ 12, 13 തീയതികളിൽ ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡൽഹി വേദിയാകാനിരിക്കേയാണ് നാലുപേരുടെയും യാത്രയെന്നത് ശ്രദ്ധേയം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിൽ എത്തുമെന്ന് ഏറക്കുറെ ഉറപ്പാണെന്ന് ഇംഗ്ലിഷ് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
തന്ത്രപ്രധാനവും വാണിജ്യ, സാമ്പത്തികപരമായി നേട്ടം ഉറപ്പാക്കാനാവുന്നതുമായ രാജ്യങ്ങളിലേക്കാണ് ചർച്ചകൾക്കായി പ്രമുഖരെ ഇന്ത്യ പറഞ്ഞയച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.
ജയശങ്കർ മോസ്കോയിലെത്തി. ധനമന്ത്രി നിർമല സീതാരാമൻ യുഎസും കാനഡയും സന്ദർശിക്കുന്നു.
വാണിജ്യമന്ത്രി പീയുഷ് ഗോയൽ ജപ്പാനും. ചൈനാ സന്ദർശനത്തിന് നിയോഗിച്ചത് മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ.
ചൈനയുമായി വാണിജ്യ നിക്ഷേപങ്ങൾക്ക് പുറമേ അതിർത്തിയിലെ പ്രശ്നങ്ങളുമാണ് ഡോവലിന്റെ സന്ദർശനത്തിൽ മുഖ്യചർച്ചാ വിഷയം. റഷ്യയുമായി ജയശങ്കർ പ്രധാനമായും സംസാരിക്കുന്നത് ക്രൂഡോയിൽ, വളം എന്നിവയെക്കുറിച്ച്.
റഷ്യയുമായി ഇന്ത്യയ്ക്കുള്ള ഭീമമായ വ്യാപാരക്കമ്മി കുറയ്ക്കുകയും ലക്ഷ്യമാണ്. റഷ്യൻ വിപണിയിലേക്ക് ഇന്ത്യൻ കമ്പനികളുടെ സുഗമമായ പ്രവേശനം ഉറപ്പാക്കുകയാണ് ഉന്നം.
ജാപ്പനീസ് കമ്പനികളുടെ നിക്ഷേപം ഇന്ത്യൻ മാനുഫാക്ചറിങ് മേഖലയിൽ ഉറപ്പിക്കുകയാണ് ഗോയലിന്റെ ദൗത്യം. സംയുക്ത കമ്പനികളുടെ രൂപീകരണം, കപ്പൽ നിർമാണ മേഖലയിലെ സഹകരണം, സെമികണ്ടക്ടർ (ചിപ്) നിർമാണരംഗത്ത് കൈകോർക്കൽ എന്നിവയും ഉന്നമിടുന്നു.
നേരിട്ടുള്ള വിദേശനിക്ഷേപം, ധനകാര്യ, ഫിൻടെക് സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ ലക്ഷ്യമിടുന്നതാണ് നിർമല സീതാരാമന്റെ യുഎസ്-കാനഡ യാത്രയുടെ ഉദ്ദേശ്യം. ഷി ജിൻപിങ്ങിന്റെ ഇന്ത്യ സന്ദർശനത്തിൽ കൂടുതൽ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രത്യേക സാമ്പത്തിക മേഖല (സെസ്), കയറ്റുമതി കൈകാര്യ മേഖല എന്നിവിടങ്ങളിൽ ചൈനയുടെ നിക്ഷേപം പ്രതീക്ഷിക്കാം. കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 4 മടങ്ങ് വർധിച്ച് 60 ബില്യൻ ഡോളറിലെത്തി.
എന്നാൽ, ഇതിൽ 50 ബില്യനും ഇന്ത്യയുടെ വ്യാപാരക്കമ്മിയാണ്. വെറും 6.6 ബില്യനിൽ നിന്നാണ് ഈ ആശങ്കപ്പെടുത്തുന്ന വർധന.
ഇക്കാര്യം നേരത്തേയും ഇന്ത്യ റഷ്യയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

