ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രൊജക്റ്റിനെ (AOSP) അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത സ്വകാര്യത മുൻഗണന നൽകുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ ഗ്രഫീൻ ഒഎസ്, പിക്സൽ സ്മാർട്ട്ഫോണുകൾക്ക് പുറമെ മറ്റ് ബ്രാൻഡുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതുവരെ ഗൂഗിളിന്റെ പിക്സൽ ഡിവൈസുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ സുരക്ഷാ സംവിധാനം ആദ്യമായി സ്വീകരിക്കുന്ന നോൺ-പിക്സൽ സ്മാർട്ട്ഫോൺ മൊട്ടറോള സിഗ്നേച്ചർ 27 ആയിരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക ഗ്രഫീൻ ഒഎസ് അക്കൗണ്ടിലൂടെയാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. ഓപ്പറേറ്റിങ് സിസ്റ്റം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ഡിവൈസുകൾ വിപണിയിൽ എത്തിക്കാൻ പദ്ധതിയുണ്ടെങ്കിലും, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സോഫ്റ്റ്വെയർ ടീം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2027 ലെ റേസർ ഫോൾഡബിൾ ഫോണുകളിലേക്കും ഈ സുരക്ഷാ സംവിധാനം വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെങ്കിലും, സിഗ്നേച്ചർ 27 ആയിരിക്കും ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഉപകരണം. അമേരിക്കൻ വിപണിയിലെ ലോഞ്ച് തീയതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, നവംബർ മാസത്തിൽ വാണിത്യാടിസ്ഥാനത്തിൽ ലഭ്യമാകുമെന്നാണ് സൂചന.
വിലവിവരങ്ങളും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആഗോളതലത്തിലുള്ള മെമ്മറി പ്രതിസന്ധിയെത്തുടർന്ന് മിക്ക സ്മാർട്ട്ഫോണുകളുടെയും വില വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, വിപണിയിലെ ഏറ്റവും വിലകൂടിയ പ്രീമിയം ഫോണുകളിൽ ഒന്നായി മൊട്ടറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മാറുമെന്നാണ് കരുതുന്നത്.
ടിഎസ്എംസിയുടെ 2nm നോഡ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 SoC പ്രൊസസറുമായാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. മുൻ തലമുറയെ അപേക്ഷിച്ച് 13 ശതമാനം മികച്ച പ്രകടനമാണ് ഈ ചിപ്സെറ്റ് വാഗ്ദാനം ചെയ്യുന്നത്.
സിഗ്നേച്ചർ 27-ൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ സുരക്ഷാ ഫീച്ചറുകളാണ് ഈ സുപ്രധാന പങ്കാളിത്തത്തിലേക്ക് വഴിതെളിച്ചത്. ഭാവിയിൽ എൻട്രി ലെവൽ ഡിവൈസുകളിലേക്കും ഈ സുരക്ഷാ സോഫ്റ്റ്വെയർ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് സോഫ്റ്റ്വെയർ ടീം വ്യക്തമാക്കിയിട്ടുണ്ട്.
“ഇത് പ്രധാനമായും ക്വാൽകോം കൈകാര്യം ചെയ്യുന്ന രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ ഫ്ലാഗ്ഷിപ്പുകൾക്ക് മികച്ച സുരക്ഷാ സവിശേഷതകളുണ്ട്.
ഫ്ലാഗ്ഷിപ്പുകൾക്ക് താഴെയുള്ള മോഡലുകൾക്കും ദീർഘകാല അപ്ഡേറ്റുകൾ ലഭ്യമാക്കുന്നതിനായി മൊട്ടറോള അവയ്ക്ക് പണം നൽകേണ്ടതുണ്ട്,” എന്ന് ടീം മുൻപ് വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

