കോഴിക്കോട് ബീച്ചിന് സമീപം ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിന് കാര്‍ യാത്രികരായ യുവാക്കളെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശികളായ അഭിറാം ലൂക്ക (24), സഹോദരന് ആദർശ് (29) എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടക്കാവ് സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് ഈ നടപടി.
കോഴിക്കോട് ബീച്ചിനടുത്തുള്ള ഹഗ് എ മഗ് റെസ്റ്റോറന്റിന് സമീപം വെച്ച് പരാതിക്കാരനും സുഹൃത്തുക്കളും കാറില്‍ വരുമ്പോള്‍ ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ അഭിറാമും ആദര്‍ശും ഉള്‍പ്പെടെയുള്ളവര്‍ അടിപിടികൂടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഇരുവരും ചേര്‍ന്ന് കാറിലുള്ളവരെ ക്രൂരമായി ആക്രമിച്ചുവെന്നാണ് പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.
സംഭവ സ്ഥലത്തേയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പോക്സോ കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ പശ്ചാത്തലമുള്ള അഭിറാം ലൂക്കയെ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് പിടികൂടിയത്.
മൂന്നോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആദര്‍ശ് വീട്ടില്‍ എത്തിയിട്ടുണ്ടെന്ന ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ഇവിടെയെത്തി കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ടൗണ്‍ എസ്ഐമാരായ സജി ഷിനോബ്, വിഷ്ണു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്, പ്രസാദ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു, സുജിത്ത് സി.കെ, ശ്രീജിത്ത് കെ, അരുണ്‍ എസ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

