രാജ്യത്ത് യാത്രാ വാഹനങ്ങളുടെ വിലയിൽ വീണ്ടും വർധനവുണ്ടാകാൻ സാധ്യതയെന്ന് സൂചന. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ നിർമാണ വസ്തുക്കളുടെ ചെലവ് ഗണ്യമായി വർധിപ്പിച്ച പശ്ചാത്തലത്തിൽ, അടുത്തുതന്നെ വില വർധിപ്പിക്കേണ്ടി വരുമെന്ന് ടാറ്റ മോട്ടോർസ് വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധികൾ കമ്പനിയുടെ ലാഭശതമാനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്ര അറിയിച്ചു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ എത്രകാലം തുടരുമെന്നതാണ് മറ്റൊരു പ്രധാന ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴായിരിക്കും വില വർധന നടപ്പിലാക്കുക എന്നത് സംബന്ധിച്ച് അദ്ദേഹം ഔദ്യോഗികമായി സമയം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ടാറ്റ മോട്ടോർസിന്റെ ഈ പാത മറ്റ് വാഹന നിർമാണ കമ്പനികളും പിൻതുടരാനാണ് സാധ്യത.
ഇറാൻ സംഘർഷത്തെ തുടർന്ന് നിർമാണ വസ്തുക്കളുടെ വിലയും ചരക്കുകൂലിയും ഉയർന്ന സാഹചര്യത്തിലാണ് വാഹനങ്ങൾക്ക് വില വർധിപ്പിക്കാൻ ആലോചിക്കുന്നതെന്ന് ശൈലേഷ് ചന്ദ്ര വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾക്ക് എപ്പോഴാണ് പരിഹാരമുണ്ടാകുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
നിർമാണ വസ്തുക്കളുടെ വിലക്കയറ്റം പൂർണ്ണമായും ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്നത് കമ്പനിയുടെ ലാഭക്ഷമതയെ ബാധിക്കുന്നുണ്ട്. സെപ്റ്റംബറിൽ അവസാനിക്കുന്ന മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ മൂന്ന് ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ പാദത്തിൽ ഇത് 4 ശതമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന നിർമാണച്ചെലവ് ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്റ്റംബറിലും ടാറ്റ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ കാറുകളുടെ വില വർധിപ്പിച്ചിരുന്നു.
ടാറ്റ മോട്ടോർസ് അന്ന് 25,000 രൂപ വരെയാണ് വില കൂട്ടിയത്. മാരുതി സുസുക്കി, ഹ്യൂണ്ടായ് തുടങ്ങിയ മുൻനിര കമ്പനികളും സമാനമായ രീതിയിൽ വില വർധന നടപ്പിലാക്കിയിരുന്നു.
കൂടാതെ, കഴിഞ്ഞ ജൂലൈ മാസത്തിലും 1.5 ശതമാനത്തിന്റെ വർധനവ് ടാറ്റ വരുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

