ലോകത്തിലെ പ്രമുഖ കോഫി ശൃംഖലയായ സ്റ്റാർബക്സ് തമിഴ്നാട്ടിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ പുതിയ ഗ്ലോബൽ കേപബിലിറ്റി സെന്റർ (ജിസിസി) ആരംഭിക്കുന്നതിനായി തമിഴ്നാട് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഈ പദ്ധതിയിലൂടെ ഏകദേശം 800 പേർക്ക് പുതുതായി തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആഗോളതലത്തിൽ സ്റ്റാർബക്സ് നിർവഹിക്കുന്ന ബിസിനസ് പ്രവർത്തനങ്ങൾക്ക് ചെന്നൈയിലെ ഈ കേന്ദ്രത്തിൽ നിന്നും സാങ്കേതിക പിന്തുണ ലഭ്യമാകും.
പ്രധാനമായും ടെക്നോളജി മേഖലയിലുള്ള പ്രഫഷനലുകൾക്കാണ് ഇതിലൂടെ അവസരം ലഭിക്കുകയെന്ന് സ്റ്റാർബക്സ് ചീഫ് ടെക്നോളജി ഓഫിസർ ആനന്ദ് വരദരാജൻ അറിയിച്ചു. സംസ്ഥാനത്തെ ഐടി, സാങ്കേതിക മേഖലയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് ഈ തീരുമാനം.
നേരത്തെ, അമേരിക്കൻ ഫാർമസി കമ്പനിയായ വാൾഗ്രീൻസ് ഇന്ത്യയും സമാനമായ രീതിയിൽ ഗ്ലോബൽ കേപബിലിറ്റി സെന്റർ സ്ഥാപിക്കുന്നതിനായി തമിഴ്നാട് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ഈ സംരംഭത്തിലൂടെ 250-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

