കാഴ്ചപരിമിതിയുള്ള വ്യക്തികൾക്ക് സമൂഹത്തിന്റെ ഔദാര്യമോ സഹതാപമോ അല്ല ആവശ്യം, മറിച്ച് മറ്റുള്ളവരുടെ സഹായമില്ലാതെ സ്വന്തം കാലിൽ നിൽക്കാനുള്ള അനുകൂല സാഹചര്യമാണ് ഒരുക്കേണ്ടതെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഇൻഫോപാർക്കിൽ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈറ്റ് കെയ്ൻ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപ്പാതകളിൽ കാഴ്ചപരിമിതിയുള്ളവർക്കായി പ്രത്യേകമായി നിർമ്മിച്ച ടാക്റ്റൈൽ പാതകളിൽ പോലും വാഹനങ്ങൾ കയറ്റിയിടുന്ന പ്രവണത വർധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ കർശന ഇടപെടലിനെത്തുടർന്ന് നടപ്പാതകൾ തിരിച്ചുപിടിച്ചെങ്കിലും ഇപ്പോഴും സ്ഥിതിക്ക് വലിയ മാറ്റമില്ല.
കാഴ്ചയുണ്ടെന്ന് അവകാശപ്പെടുന്നവരാണ് കാൽനടയാത്രക്കാരുടെ മൗലികാവകാശങ്ങളെയും നടപ്പാതകളെയും കണ്ടില്ലെന്ന് നടിക്കുന്നത്. സുഗമമായി നടന്നുപോകാൻ പോലും സാധിക്കാത്ത ഒരു നഗരത്തെ യഥാർത്ഥ അർത്ഥത്തിൽ നഗരമെന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പരിപാടിക്ക് മുന്നോടിയായി കാഴ്ചപരിമിതരായവർക്കൊപ്പം കണ്ണുകെട്ടി വെള്ളവടിയുടെ സഹായത്തോടെ ജാഥയിൽ പങ്കെടുത്ത തന്റെ അനുഭവം അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ മൂന്നോ നാലോ മിനിറ്റുകളായിരുന്നു അതെന്നും, കാഴ്ചപരിമിതിയുള്ളവർ ദിനംപ്രതി നേരിടുന്ന യാത്രാദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ബസ് ഡ്രൈവർമാരും യാത്രികരുമെല്ലാം ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭിന്നശേഷിക്കാരെ മറ്റുള്ളവരെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് സമൂഹമാണ്. യാതൊരുവിധ സൗകര്യങ്ങളും ഒരുക്കാതെ അവരെ നിസ്സഹായാവസ്ഥയിലേക്ക് തള്ളിവിട്ട
ശേഷം സ്വയംപര്യാപ്തത കൈവരിക്കാൻ ആവശ്യപ്പെടുകയല്ല വേണ്ടത്. കാഴ്ചപ്പാടുകൾ മാറ്റേണ്ടത് ഭിന്നശേഷിക്കാരല്ല, മറിച്ച് സമൂഹമാണ്.
സമൂഹത്തിലെ എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പൊതുസൗകര്യങ്ങളാണ് നഗരങ്ങളിൽ ഒരുക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ കാഴ്ചപരിമിതർക്കായി തൊഴിൽ പരിശീലനവും സ്വതന്ത്ര ജീവിതത്തിനുള്ള നൈപുണ്യവും നൽകി വരുന്ന റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ പ്രോജക്ട് സൂര്യയുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
പദ്ധതിയുടെ ഭാഗമായി 20 അടിസ്ഥാന പരിശീലന ബാച്ചുകളും 45 ഓൺലൈൻ ബാച്ചുകളും വിവിധ ബോധവത്കരണ ശില്പശാലകളും സംഘടിപ്പിച്ചതായി പ്രോജക്ട് സൂര്യ സ്ഥാപക ട്രസ്റ്റി രൊട്ടേറിയൻ നോബി ഇ.എ. വ്യക്തമാക്കി. ഇതിലൂടെ രണ്ടായിരത്തിലധികം ആളുകളിലേക്ക് സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പരിശീലനം നേടിയവരിൽ 80 ശതമാനത്തോളം പേരും ഇന്ന് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും ഐ.ടി. പാർക്കുകളിലും സന്നദ്ധ സംഘടനകളിലും ജോലി ചെയ്തുവരുന്നു.
തൊഴിൽ ലഭിക്കുന്നതോടൊപ്പം സ്വതന്ത്രമായി യാത്ര ചെയ്യാനും കുടുംബത്തിന് താങ്ങാകാനും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും ഈ പദ്ധതി അവർക്ക് കരുത്തേകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രൊട്ടേറിയൻ ജോർജ് മാത്യുവിന്റെ നേതൃത്വത്തിൽ 2008-ൽ ഇൻഫോപാർക്കിലെ വിസ്മയ കെട്ടിടത്തിൽ കേവലം ഏഴ് വിദ്യാർത്ഥികളുമായാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.
സൊസൈറ്റി ഫോർ റീഹാബിലിറ്റേഷൻ ഓഫ് വിഷ്വലി ചലഞ്ച്ഡ്, ഇൻഫോപാർക്ക്, ബെംഗളൂരുവിലെ എനേബിൾ ഇന്ത്യ എന്നിവയുടെ പിന്തുണയോടെയായിരുന്നു തുടക്കം. തുടർന്ന് 2015-ൽ ഈ പദ്ധതി പ്രോജക്ട് സൂര്യ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും, 2017-ൽ ഒരു ബാച്ചിലെ പരിശീലന ശേഷി 15 ആയി വർദ്ധിപ്പിക്കുകയും ചെയ്തു.
കമ്പ്യൂട്ടർ പരിജ്ഞാനം, സഹായക സാങ്കേതികവിദ്യകൾ, യാത്രാപരിശീലനം, ആശയവിനിമയ ശേഷി, തൊഴിൽ നൈപുണ്യം എന്നിവയിൽ തികച്ചും സൗജന്യമായ പരിശീലനമാണ് ഇവിടെ നൽകിവരുന്നത്. അർഹരായ വിദ്യാർത്ഥികൾക്ക് താമസസൗകര്യവും യാത്രാസഹായവും പഠനോപകരണങ്ങളും സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.
കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും മുടക്കമില്ലാതെ ഓൺലൈൻ പരിശീലനങ്ങൾ തുടർന്നിരുന്നു. തുടർന്ന് 2023-ൽ നേരിട്ടുള്ള ക്ലാസുകളും ഓൺലൈൻ പരിശീലനങ്ങളും വീണ്ടും സജീവമാക്കി.
പദ്ധതിയുടെ വളർച്ചയിൽ മറീന ജോർജ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2023 മുതൽ കലാ രവിശങ്കർ സെന്റർ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരുന്നു.
വരുന്ന കാലങ്ങളിൽ പുതിയ സാങ്കേതികവിദ്യകളിലേക്ക് പരിശീലനം വ്യാപിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഗ്രാമീണ മേഖലകളിലേക്ക് കൂടി പദ്ധതിയുടെ സേവനങ്ങൾ എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജോൺ ടി.
ജോൺ വ്യക്തമാക്കി. ചടങ്ങിൽ പ്രോജക്ട് സൂര്യ സ്ഥാപക ട്രസ്റ്റി രൊട്ടേറിയൻ നോബി ഇ.എ., റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ.
ജോൺ ടി. ജോൺ, സെക്രട്ടറി ബെന്നി പി.ജെ., ട്രഷറർ ലിജു പി.
രാജൻ, കലാ രവിശങ്കർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

