പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ജനപ്രിയ പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യ ഘർ’ പദ്ധതിക്ക് തായ്ലൻഡിൽ നിന്ന് കടുത്ത മത്സരം നേരിടുന്നു. ഇന്ത്യ നൽകുന്ന സബ്സിഡിയേക്കാൾ ഇരട്ടി തുകയാണ് തായ് സർക്കാർ അവിടത്തെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്.
‘പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന’ പ്രകാരം മൂന്ന് വിഭാഗങ്ങളിലായാണ് ഇന്ത്യയിൽ സബ്സിഡി നൽകുന്നത്. ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കുന്നവർക്ക് 30,000 രൂപ വരെയും തുടർന്ന് അധിക കിലോവാട്ടിന് 18,000 രൂപയും ലഭിക്കുന്നു.
മൂന്ന് കിലോവാട്ടിന് മുകളിലുള്ളവയ്ക്ക് പരമാവധി 78,000 രൂപയാണ് സബ്സിഡി. എന്നാൽ തായ്ലൻഡ് സർക്കാരാകട്ടെ 50,000 തായ് ബാത്താണ് വാഗ്ദാനം ചെയ്യുന്നത്, ഇത് ഏകദേശം 1.44 ലക്ഷം രൂപ വരും.
2027 മാർച്ചിനകം ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാൽ തായ്ലൻഡ് പദ്ധതി പ്രകാരം 2027 അവസാനത്തോടെ മൊത്തം 10 മുതൽ 15 ലക്ഷം വരെ വീടുകളാണ് ലക്ഷ്യമിടുന്നത്.
2024 ഫെബ്രുവരിയിലാണ് പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന രാജ്യത്ത് ആരംഭിക്കുന്നത്. എന്നാൽ തായ്ലൻഡ് പദ്ധതി പ്രഖ്യാപിച്ചത് 2026 ഓഗസ്റ്റിലാണ് എന്നത് ശ്രദ്ധേയമാണ്.
പിഎം സൂര്യ ഘർ പദ്ധതിയിൽ ഇതിനകം 83.75 ലക്ഷം അപേക്ഷകൾ ലഭിച്ചുകഴിഞ്ഞു. ഇതിൽ 57.91 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിക്കുകയും സബ്സിഡി തുക ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
തായ്ലൻഡിൽ ഒക്ടോബറിലാണ് റെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നത്. പിഎം സൂര്യ ഘർ പദ്ധതിക്കായി മോദി സർക്കാർ ആകെ നീക്കിവച്ചിരിക്കുന്നത് 75,021 കോടി രൂപയാണ് (ഏതാണ്ട് 9 ബില്യൻ ഡോളർ).
അതേസമയം തായ്ലൻഡ് സർക്കാർ ഇതിനായി നീക്കിവച്ച തുക 1.52 ബില്യൻ ഡോളറാണ് (ഏതാണ്ട് 15,000 കോടി രൂപ). തായ്ലൻഡിൽ പദ്ധതിപ്രകാരം അഞ്ച് കിലോവാട്ട് സിസ്റ്റം സ്ഥാപിക്കുന്ന ഓരോ ഉപഭോക്താവിനും ആകെ ചെലവിന്റെ 40 മുതൽ 50 ശതമാനം വരെ തുക സബ്സിഡിയായി സ്വന്തമാക്കാം.
ഇന്ത്യയിൽ സബ്സിഡി ആനുകൂല്യങ്ങൾക്ക് പുറമെ സോളർ പദ്ധതിക്കായി ഈടുരഹിതമായി, 7 ശതമാനം പലിശ നിരക്കിൽ വായ്പ നേടാനുള്ള സൗകര്യവുമുണ്ട്. കൂടാതെ നെറ്റ് മീറ്ററിങ് സൗകര്യം പ്രയോജനപ്പെടുത്താനും മാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാനും സാധിക്കും.
ഇന്ത്യയിൽ പിഎം സൂര്യ ഘർ പോർട്ടൽ (https://pmsuryaghar.gov.in/) മുഖേനയും കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം, വൈദ്യുതി വിതരണക്കമ്പനികൾ എന്നിവയുടെ സഹകരണത്തോടെയുമാണ് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നത്. സബ്സിഡി തുക ‘ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി)’ സംവിധാനം വഴി നേരിട്ട് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലാണ് എത്തിക്കുന്നത്.
എന്നാൽ തായ്ലൻഡിൽ സർക്കാരും വിവിധ ബാങ്കുകളും ചേർന്നാണ് പദ്ധതിയുടെ പങ്കാളികളായി പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

