സംസ്ഥാനത്തെ തീരദേശ ജനതയുടെ സാമൂഹിക-സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയുടെ നിർണായക ഇടപെടൽ. ഇതിന്റെ ഭാഗമായി കേരളത്തിൽ വിവിധ മേഖലകളിലായി 84 മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ വിജയകരമായി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യം വളർത്തൽ, കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപാദനം തുടങ്ങിയ വൈവിധ്യമാർന്ന സംരംഭങ്ങളിലൂടെ തീരദേശത്തെ വനിതകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സിഎംഎഫ്ആർഐയുടെ സയൻസ് ടെക്നോളജി ഇന്നൊവേഷൻ (എസ്ടിഐ) ഹബിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ നാല് വർഷത്തിനിടയിൽ കേരളത്തിലെ എട്ട് ജില്ലകളിലായി ഈ പദ്ധതി നടപ്പിലാക്കിയത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ അധികവും. പദ്ധതിയിലൂടെ 220 സ്ത്രീകളും ആറ് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 469 പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ ലഭിച്ചു.
കൂടാതെ, ഏകദേശം 2500 പേർക്ക് പരോക്ഷമായ നേട്ടങ്ങളും ഇതിലൂടെ ലഭ്യമാകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായവരുടെ കുടുംബവരുമാനത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് എസ്ടിഐ ഹബിന് നേതൃത്വം നൽകുന്ന ഡോ.
വിപിൻ കുമാർ വി.പി. വ്യക്തമാക്കി. “പദ്ധതിയുടെ അവലോകനമനുസരിച്ച് ഗുണഭോക്താക്കളുടെ കുടുംബവരുമാനത്തിൽ 30 മുതൽ 35 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ട്.” സംരംഭകരുടെ സാങ്കേതിക മികവും ബിസിനസ് ശേഷിയും മെച്ചപ്പെടുത്തുന്നതിനായി എസ്ടിഐ ഹബിന്റെ കീഴിൽ ഇതുവരെ 141 പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുമത്സ്യ കൃഷി, കരിമീൻ വിത്തുത്പാദനം, അലങ്കാര മത്സ്യകൃഷി, സംയോജിത മത്സ്യകൃഷി, കല്ലുമ്മേക്കായ – കടൽ മുരിങ്ങ കൃഷി, മൂല്യവർദ്ധിത മത്സ്യോൽപന്ന യൂണിറ്റുകൾ, മീൻ വിൽപ്പന, ഉണക്കമീൻ ഉൽപാദന യൂണിറ്റുകൾ തുടങ്ങിയ വിവിധ മേഖലകളിലാണ് ഈ സംരംഭങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, മത്സ്യക്കൂട് നിർമ്മാണം, അക്വേറിയം ബിസിനസ്, മത്സ്യവിത്ത് വിതരണം തുടങ്ങിയ മേഖലകളിൽ പ്രൊഫഷണലുകളായി മാറിയവരും ഈ കൂട്ടത്തിലുണ്ട്.
പരമ്പരാഗത തൊഴിൽ മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, മത്സ്യമേഖലയിലെ വിവിധ രംഗങ്ങളിൽ ഉൽപാദകരും സേവന ദാതാക്കളും ബിസിനസ് ഉടമകളുമായി മാറാൻ ഈ പദ്ധതി സ്ത്രീകളെ സഹായിച്ചതായി സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
സിഎംഎഫ്ആർഐയുടെ അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്റർ, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സാങ്കേതിക കൈമാറ്റം, പരിശീലനം, സംരംഭകത്വ മാർഗ്ഗനിർദ്ദേശം, വിപണി സൗകര്യമൊരുക്കൽ എന്നിവയും ഉറപ്പാക്കുന്നുണ്ട്. വനിതാ കർഷദിനത്തിന്റെ ഭാഗമായി, ദേശീയ കർഷക പുരസ്കാര ജേതാവും സിഎംഎഫ്ആർഐ പദ്ധതിയുടെ ഗുണഭോക്താവുമായ ഡോ.
അഖിലമോളുടെ കൊടുങ്ങല്ലൂരിലെ മത്സ്യഫാമിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങിൽ വനിതാ സംരംഭകർ തങ്ങളുടെ അനുഭവങ്ങളും വിജയഗാഥകളും പങ്കുവെക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

