അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി), മുൻ സർക്കാരിന്റെ വഴിവിട്ട
തീരുമാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ടീമിനെ കേരളത്തിലെത്തിക്കുന്നതിനുള്ള ചെലവുകൾക്കായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും പണം വകയിരുത്താൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
മുൻ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ അധ്യപ്തയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ഈ വിവാദ തീരുമാനമുണ്ടായത്. അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്ന മുൻ സർക്കാരിന്റെ വാദങ്ങളെ പൂർണ്ണമായും ഖണ്ഡിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ ഈ പുതിയ കണ്ടെത്തൽ.
സ്പോൺസറുടെ തുകയ്ക്ക് പുറമേ വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ട് എന്നിവയിലൂടെയും ആവശ്യമായ പണം കണ്ടെത്തണമെന്നാണ് 2025 ഒക്ടോബറിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്സിൽ വ്യക്തമാക്കുന്നത്. കൂടാതെ, പ്രദർശന മത്സരങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ സേവനം സൗജന്യമായി വിട്ടുനൽകാനും യോഗത്തിൽ തീരുമാനമായിരുന്നു.
ടീമിനെ ഔദ്യോഗികമായി ക്ഷണിക്കുന്നതിന്റെ ഭാഗമായി 13 ലക്ഷം രൂപ സർക്കാർ ഫണ്ട് ഉപയോഗിച്ച് മുൻ മന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ സ്പെയിൻ യാത്രയെക്കുറിച്ചും എസ്ഐടി സമഗ്രമായ അന്വേഷണം നടത്തിവരുന്നുണ്ട്. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ അരങ്ങേറിയ വഴിവിട്ട
നീക്കങ്ങൾക്ക് പിന്നിൽ മുൻ മന്ത്രി വി.അബ്ദുറഹിമാൻ ആണെന്നാണ് അദ്ദേഹത്തിന്റെ മുൻ പഴ്സനൽ സ്റ്റാഫിന്റെ മൊഴി. യാതൊരുവിധ ടെൻഡറുo ക്ഷണിക്കാതെ സ്പോൺസറെ നേരിട്ട് തിരഞ്ഞെടുക്കരുതെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ മന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി മൊഴിയിലുണ്ട്.
എന്നാൽ ഈ നിർദ്ദേശങ്ങൾ പൂർണ്ണമായി അവഗണിച്ച് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ (ആർബിസി) സ്പോൺസറായി നിശ്ചയിക്കാൻ മന്ത്രി നേരിട്ട് ഉത്തരവിടുകയായിരുന്നുവെന്ന് അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലൻ എസ്ഐടിക്ക് മൊഴി നൽകി. സ്പോൺസറായി എത്തിയ ആന്റോ അഗസ്റ്റിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന വിവരം ലഭിച്ചിട്ടും അത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ മന്ത്രി തയ്യാറായില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
സ്പോൺസർക്കെതിരായ ജിഎസ്ടി അന്വേഷണ നടപടികൾ നിർത്തിവയ്ക്കാൻ കായികവകുപ്പ് മന്ത്രി, തന്റെ ഗൺമാന്റെ ഫോൺ ഉപയോഗിച്ച് ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥയെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥ മൊഴി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

