കൊല്ലം ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ നിന്നും ജീർണിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ 55 വയസുള്ള നിസാർ ആണ് കൊല്ലപ്പെട്ടത്.
കേസിൽ കൊട്ടിയം സ്വദേശിയായ ശ്യാംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 30-നാണ് ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യുന്നതിനായി സെപ്റ്റിക് ടാങ്കിൻ്റെ സ്ലാബ് തുറന്ന തൊഴിലാളികൾ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.
തുടർന്ന് കൊല്ലം സിറ്റി എസിപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ മരിച്ചത് പുരുഷനാണെന്നും ഏകദേശ പ്രായവും കണ്ടെത്താൻ സാധിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹാർബറിലെ ശുചിമുറികൾ നോക്കിനടത്തിയിരുന്ന നിസാർ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഹാർബറിൽ തന്നെയായിരുന്നു നിസാർ താമസിച്ചിരുന്നതും.
ഇതേത്തുടർന്ന് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയും വിശദമായ വിവര ശേഖരണം നടത്തുകയും ചെയ്തു. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ കൊട്ടിയം സ്വദേശിയായ ഡ്രൈവർ ശ്യാംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ 24 കാരനായ പ്രതി കുറ്റം സമ്മതിച്ചു. നിസാർ തന്നെ ചീത്ത വിളിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പ്രതി മൊഴി നൽകി.
ആദ്യം കൈകൊണ്ട് നിസാറിനെ മർദ്ദിച്ച പ്രതി, ശേഷം ശുചിമുറിയിൽ ഉണ്ടായിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പായിൽ പൊതിഞ്ഞ് സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.
സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

