ഫോട്ടോകൾ സൂക്ഷിക്കാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യങ്ങൾക്കപ്പുറം പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി തങ്ങളുടെ ആപ്ലിക്കേഷനെ പരിഷ്കരിക്കുകയാണ് ഗൂഗിൾ. ഇതിന്റെ ഭാഗമായി ഗൂഗിൾ ഫോട്ടോസിൽ പുതിയതായി അവതരിപ്പിച്ച ഫീച്ചറാണ് വാർഡ്രോബ്.
ഉപയോക്താക്കൾക്ക് തങ്ങളുടെ വസ്ത്രങ്ങൾ ഡിജിറ്റലായി പരീക്ഷിച്ചു നോക്കാനും അവയുടെ സംയോജനങ്ങൾ മുൻകൂട്ടി കാണാനും ഈ സംവിധാനം സഹായിക്കുന്നു. ഈ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിനായി പ്രത്യേകം ചിത്രങ്ങൾ പകർത്തി നൽകേണ്ടതില്ല എന്നതാണ്.
ഉപയോക്താവ് നേരത്തെ ഗൂഗിൾ ഫോട്ടോസിൽ അപ്ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങൾ സ്കാൻ ചെയ്തുകൊണ്ട് തന്നെ ആപ്പിന് വസ്ത്രങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും. കൂടാതെ, കൈവശമില്ലാത്ത വസ്ത്രങ്ങൾ കൂടി ഉൾപ്പെടുത്തി അവ തങ്ങളുടെ നിലവിലെ വസ്ത്രശേഖരവുമായി എങ്ങനെ ഇണങ്ങുമെന്ന് പരിശോധിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
ഒരു വെർച്വൽ രൂപത്തിലൂടെ വസ്ത്രങ്ങൾ ധരിച്ചാൽ എങ്ങനെയിരിക്കും എന്ന് കൃത്യമായി മനസ്സിലാക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. നിലവിൽ ഗൂഗിൾ എഐ പ്രോ, എഐ അൾട്രാ സബ്സ്ക്രിപ്ഷൻ ഉള്ള ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാകുന്നത്.
ആദ്യഘട്ടത്തിൽ ഇന്ത്യ, ബ്രസീൽ, യുഎസ് എന്നീ രാജ്യങ്ങളിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഐഒഎസ്, ഐപാഡ്ഒഎസ് ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു.
നിശ്ചിത വിഭാഗം ഉപയോക്താക്കൾക്ക് കൂടി സേവനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെങ്കിലും, ആരൊക്കെയാണ് ഇതിൽ ഉൾപ്പെടുക എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി നൽകിയിട്ടില്ല. ഈ പുതിയ ഫീച്ചറിന് പുറമെ, ഉപയോക്താക്കൾക്ക് തങ്ങളുടെ കസ്റ്റം സ്റ്റിക്കറുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള സംവിധാനവും ഈ മാസം ഗൂഗിൾ ഫോട്ടോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

