വഡോദരയിൽ നടന്ന ആർ ജി വൺ വനിതാ ടി20 ടൂർണമെന്റിൽ കേരളത്തിന് ചരിത്ര വിജയം. ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ബറോഡയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരുടെ പദവി അലങ്കരിച്ചത്.
ടോസ് നേടി ആദ്യം ബാറ്റിംഗിനെത്തിയ ബറോഡയ്ക്ക് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് നേടാനേ സാധിച്ചുള്ളൂ. ബറോഡ നിരയിൽ ഓപ്പണർമാരായ മെസ്വി പൊകാർ, അമൃത ജോസഫ് എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട
പ്രകടനം പുറത്തെടുക്കാനായത്. മെസ്വി 28 റൺസും അമൃത 22 റൺസും നേടി.
എന്നാൽ പിന്നീട് ക്രീസിലെത്തിയവരിൽ ആർക്കും തന്നെ കേരളത്തിന്റെ ശക്തമായ ബൗളിംഗ് നിരയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കേരളത്തിനായി സജന സജീവനും നജ്ല സി.എം.സി.യും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ബറോഡയുടെ ബാറ്റിംഗ് തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് വേണ്ടി ഓപ്പണർ കിരൺ നവ്ഗിരെ തകർപ്പൻ തുടക്കമാണ് നൽകിയത്. വെറും 18 പന്തിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം കിരൺ 38 റൺസ് അടിച്ചുകൂട്ടി.
ക്യാപ്റ്റൻ ആശ ശോഭന 21 റൺസെടുത്തു. പിന്നീട് ക്രീസിലെത്തിയ സജന സജീവൻ (14), ദിവ്യ ഗണേഷ് (10) എന്നിവർ പുറത്താകാതെ നിന്ന് ടീമിനെ വിജയതീരത്തേക്ക് നയിച്ചു.
31 പന്തുകൾ ബാക്കിനിൽക്കെയാണ് കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടത്. ബറോഡയ്ക്ക് വേണ്ടി തൻവീർ ഷെയ്ഖ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അത് മതിയായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

