ഹോങ്കോങ്ങിൽ വിജയകരമായി സമാപിച്ച വേൾഡ് കാൻസർ കോൺഗ്രസ് 2026-ൽ പങ്കെടുത്തതിനു ശേഷം അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്സ് ഓഫ് കേരള (AMPOK)-യുടെ 11 അംഗ ഔദ്യോഗിക പ്രതിനിധിസംഘം സംസ്ഥാനത്ത് തിരിച്ചെത്തി. അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ ആരോഗ്യ രംഗത്തെ മികവ് വിളിച്ചോതുന്നതായിരുന്നു ഈ പങ്കാളിത്തം.
ഡോ. ബോബൻ തോമസ് നേതൃത്വം നൽകിയ സംഘം 2026 സെപ്റ്റംബർ 24 മുതൽ 26 വരെ നടന്ന ആഗോള സമ്മേളനത്തിലാണ് സജീവമായി പങ്കെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ കാൻസർ നിയന്ത്രണ ശൃംഖലയായ യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ (UICC) ആണ് ഈ സുപ്രധാന സംഗമം സംഘടിപ്പിച്ചത്. കാൻസർ പ്രതിരോധം, രോഗനിർണയം, നൂതന ചികിത്സാ രീതികൾ, ഗവേഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ട
ഈ കോൺഗ്രസിൽ 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ അണിനിരന്നു. സംസ്ഥാനത്തിന്റെ ഗവേഷണ മികവ് ലോകവേദിയിൽ അടയാളപ്പെടുത്തുന്നതായിരുന്നു AMPOK പ്രതിനിധികളുടെ നേട്ടങ്ങൾ.
അംഗങ്ങളുടെ മൂന്ന് പഠനങ്ങളും ആറു ഗവേഷണ പോസ്റ്ററുകളുമാണ് അന്താരാഷ്ട്ര തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് വഴി കേരളത്തിന്റെ ചികിത്സാ മാതൃകകൾ ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടി.
വിവിധ ലോകോത്തര സംഘടനകളുടെ തലവന്മാരുമായി സംഘം ചർച്ചകൾ നടത്തി. നിലവിലെ UICC പ്രസിഡന്റ് ഡോ.
ഉൽറിക്ക ഓറിഹെഡ് കാഗ്സ്ട്രോം, നിയുക്ത പ്രസിഡന്റ് ഡോ. സൈനബ് ഷിങ്കാഫി-ബഗുഡു, CEO ഡോ.
കാരി ആഡംസ് തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഗ്രാമീണ മേഖലയിലേക്കുള്ള ചികിത്സാ വ്യാപനവും ഗവേഷണ സഹകരണവും ചർച്ചയായി. കൂടാതെ, അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി (ASCO) പ്രസിഡന്റ് ഡോ.
എലിസബത്ത് മിറ്റെൻഡോർഫ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജൂലി ഗ്രാലോ എന്നിവരുമായുള്ള ചർച്ചകൾ വഴി കേരളത്തിലെ നഴ്സുമാർക്കും യുവ ഡോക്ടർമാർക്കും അന്താരാഷ്ട്ര ഓൺലൈൻ പരിശീലന പദ്ധതികൾക്ക് കളമൊരുങ്ങി.
ടാറ്റ മെമ്മോറിയൽ ആശുപത്രി ഡയറക്ടറും നാഷണൽ കാൻസർ ഗ്രിഡ് കൺവീനറുമായ ഡോ. സി.
എസ്. പ്രമേഷ് ഉൾപ്പെടെയുള്ള പ്രമുഖരുമായും സംഘം ആശയവിനിമയം നടത്തി.
ഈ ആഗോള ബന്ധങ്ങൾ സംസ്ഥാനത്തെ കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് കാരണമാകുമെന്നാണ് AMPOK-യുടെ വിലയിരുത്തൽ. ഇതിന്റെ തുടർച്ചയായി 2027 ഡിസംബറിൽ കേരള കാൻസർ കോൺക്ലേവ് 2.0 സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടന ഇപ്പോൾ.
“വേൾഡ് കാൻസർ കോൺഗ്രസ് ഒരു അന്താരാഷ്ട്ര സമ്മേളനം മാത്രമായിരുന്നില്ല. കേരളത്തിലെ രോഗികൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന ബന്ധങ്ങളും സഹകരണങ്ങളും സൃഷ്ടിക്കാനുള്ള അപൂർവ അവസരമായിരുന്നു അത്.
ലോകത്തെ മികച്ച വൈദഗ്ധ്യവും അറിവും കേരളത്തിലെ ഓരോ രോഗിയിലേക്കും എത്തിക്കുക എന്ന ഒ ലക്ഷ്യത്തോടെയാണ് എല്ലാ ചർച്ചകളും നടന്നത് .” എന്ന് AMPOK സെക്രട്ടറി ഡോ. ബോബൻ തോമസ് പറഞ്ഞു.
“ഓരോ കാൻസർ രോഗനിർണയത്തിന്റെയും പിന്നിൽ പ്രതീക്ഷ തേടുന്ന ഒരു കുടുംബമുണ്ട്. ഓരോ ചികിത്സാ യാത്രയുടെയും പിന്നിൽ ധൈര്യത്തോടെ പോരാടുന്ന ഒരു മനുഷ്യനുണ്ട്.
ഹോങ്കോങ്ങിൽ ആരംഭിച്ച ഈ സഹകരണങ്ങളുടെ അന്തിമ ലക്ഷ്യം കേരളത്തിലെ ഓരോ രോഗിക്കും മികച്ച ചികിത്സയും പിന്തുണയും ഉറപ്പാക്കുക എന്നതാണ്. കാൻസറിനെതിരായ പോരാട്ടത്തിൽ ഒരു രോഗിയും ഒറ്റപ്പെട്ടവനായി മാറരുത് .” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

