ലോകം ഇറാന്–അമേരിക്ക യുദ്ധ ഭീതിയിലാണെങ്കിലും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഭദ്രമാണെന്ന് നടപ്പു സാമ്പത്തിക വർഷത്തെ ജിഡിപി കണക്കുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ– ജൂണ് പാദത്തിൽ ജിഡിപി 7.8 ശതമാനമാണ് ഉയർന്നത്.
അതിശയിപ്പിക്കുന്ന നേട്ടമാണ് ഇന്ത്യ കൈവരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിദേശയാത്രകൾ കുറയ്ക്കണമെന്നും അദ്ദേഹം ആവർത്തിച്ചു. പ്രധാനമന്ത്രിയുടെ ഈ നിർദേശത്തിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്? ജിഡിപി കണക്കിൽ വൈരുധ്യമുണ്ടോ? എന്താണ് നിലവിലെ വിവാദങ്ങൾ? ഈ വിഷയത്തിൽ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലുകൾ ഇങ്ങനെയാണ്.
സാമ്പത്തിക വളർച്ചനിരക്ക് ശരിക്കും ഉയർന്നോ എന്ന കാര്യത്തിൽ പരിശോധനകൾ ആവശ്യമാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യവും വളർച്ചയും അളക്കുന്ന പ്രധാന സൂചികയാണ് മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി).
ഇത് ഒരു രാജ്യത്ത് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഉൽപാദിപ്പിക്കുന്ന ആകെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും അന്തിമ വിപണി മൂല്യമാണ്. സ്വകാര്യ ഉപഭോഗം, നിക്ഷേപം, കയറ്റുമതി, സർക്കാർ ചെലവുകൾ എന്നിങ്ങനെ നാല് ഘടകങ്ങളാണ് ജിഡിപിയിൽ കണക്കാക്കുന്നത്.
വിലക്കയറ്റം ഉൾപ്പെടുത്തി കണക്കാക്കുന്ന ജിഡിപിയെ ‘നോമിനൽ ജിഡിപി’യെന്നും വിലക്കയറ്റം ഒഴിവാക്കിയുള്ളതിനെ ‘റിയൽ ജിഡിപി’ എന്നും വിളിക്കുന്നു. ജിഡിപി യഥാർഥത്തിൽ വളർന്നോയെന്നറിയാൻ ‘റിയൽ ജിഡിപി’ ആണ് പരിശോധിക്കേണ്ടത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിലുള്ള ജിഡിപിയിൽ നിന്ന് ഇത്തവണ എത്ര വർധനയുണ്ടായി എന്നതാണ് സാമ്പത്തികവളർച്ച നിരക്കായി കണക്കാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗം ഉയർച്ചയിലാണോ താഴ്ചയിലാണോ എന്നറിയാൻ ജിഡിപി പരിശോധിക്കുന്നത് അത്യന്താപേക്ഷിതമാണ്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ വളർച്ചനിരക്ക് 7.8 ശതമാനമായെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നത്.
ഏപ്രിൽ-ജൂണ് പാദത്തിലെ കണക്കാണ് അടുത്തിടെ പുറത്തുവന്നത്. മുൻവർഷത്തെ സമാനപാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.9 ശതമാനമായിരുന്നു.
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന നേട്ടവും ഇന്ത്യ വീണ്ടും സ്വന്തമാക്കി. എന്നാൽ കണക്കുകൾ പുറത്തുവന്നതോടെ വാദപ്രതിവാദങ്ങളും സാമ്പത്തികരംഗത്ത് ആരംഭിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയ ജിഡിപി സംഖ്യ ഇപ്പോൾ സർക്കാർ കുറച്ചുവച്ചതു കാരണമാണ് ഇക്കുറി വളർച്ചനിരക്ക് കൂടിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് നിക്ഷേപങ്ങളും വ്യവയാസരംഗവും മെച്ചപ്പെട്ട
പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നും വിദേശനിക്ഷേപത്തിലും കാര്യമായ വ്യത്യാസം കാണുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോഴാണ് വളർച്ചയെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടാകുന്നതെന്ന് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ.എം.സുരേഷ് ബാബു വ്യക്തമാക്കുന്നു.
എന്നാൽ, കണക്കാക്കൽ രീതികളിൽ വന്ന മാറ്റമാണ് ഇതിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധനും വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്നറുമായ വിവേക് കൃഷ്ണ ഗോവിന്ദ് വ്യക്തമാക്കുന്നു. “ജിഡിപി കണക്കാക്കുന്ന രീതിയിൽ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്.
ഒരു രാജ്യത്തുണ്ടാകുന്ന ആകെ ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജിഡിപി. എന്നാൽ വൻതോതിലുള്ള ഉൽപാദനം നടക്കുമ്പോൾ, അവയെല്ലാം കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ എന്നത് ചോദ്യമാണ്.
കണക്കുകളിലെ വൈരുധ്യത്തിന് കാരണം റിപ്പോർട്ടിംഗ് മെക്കാനിസത്തിലെ പരിമിതികളാണ്. ഒരു ജില്ലയിലെ പോലും മുഴുവൻ സാമ്പത്തിക വിവരങ്ങളും കൃത്യമായി ലഭിക്കുക പ്രായോഗികമല്ല.
അതിനാൽ ലഭ്യമായ ഡേറ്റ വെച്ചുള്ള ഒരു ഏകദേശ കണക്കാണ് ജിഡിപിയായി പുറത്തുവരുന്നത്” എന്ന് വിവേക് കൃഷ്ണ ഗോവിന്ദ് വിശദീകരിക്കുന്നു. സാമ്പത്തിക വളർച്ച രേഖപ്പെടുത്തുമ്പോഴും വിദേശയാത്രകളും സ്വർണം വാങ്ങലും കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നിൽ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുക എന്ന ലക്ഷ്യമാണെന്ന് വിവേക് കൃഷ്ണ ഗോവിന്ദ് വിലയിരുത്തുന്നു.
“ആഗോള അനിശ്ചിത്വത്തെ തുടർന്നാണ് പ്രധാനമന്ത്രി സ്വർണം വാങ്ങുന്നതും വിദേശയാത്രകളും ഒഴിവാക്കണമന്ന് നിർദേശിച്ചത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അത്തരം നിർദേശങ്ങൾ.
അനിശ്ചിത്വങ്ങൾ ഉണ്ടാകുമ്പോഴും എണ്ണ വില ഉയരുമ്പോഴും ഇന്ത്യയെ അധികം ബാധിക്കാതെ നോക്കുന്നത് വിദേശനാണ്യ കരുതല് ശേഖരമാണ്” എന്ന് അദ്ദേഹം പറഞ്ഞു. ആഗോളവിപണിയിൽ അനിശ്ചിതത്വങ്ങളോ എണ്ണവില വർധനയോ ഉണ്ടാകുമ്പോൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകരാതെ നിർണ്ണയിക്കുന്നത് വിദേശനാണ്യ കരുതൽ ശേഖരമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. സ്വർണത്തിന്റെ ആവശ്യകത നിറവേറ്റാൻ ഭീമമായ വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നു.
ഇത് വ്യാപരക്കമ്മി വർധിപ്പിക്കുകയും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയാൻ കാരണമാവുകയും ചെയ്യുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം ഈ വർഷം സ്വർണ്ണ ഇറക്കുമതി കുത്തനെ വർധിച്ചിട്ടുണ്ട്.
സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിലെ കയറ്റുമതി 32 ശതമാനത്തോളമായാണ് വർധിച്ചത്. കൂടാതെ, ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്റെ 88 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്.
രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നത് ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് വിദേശനാണ്യം ചോർന്നുപോകുന്ന വഴികൾ തടയാൻ പ്രധാനമന്ത്രി നിർദേശിച്ചത്.
വിദേശയാത്രകൾക്കായി ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയ്ക്ക് ചെലവാക്കുന്ന പണം വിദേശരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിലേക്കാണ് എത്തുന്നത്. ഇതിനുപകരം ആഭ്യന്തര വിനോദസഞ്ചാരവും പ്രാദേശിക സേവനങ്ങളും ഉപയോഗപ്പെടുത്തിയാൽ ആ പണം ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കുള്ളിൽ തന്നെ കറങ്ങുകയും പ്രാദേശിക വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും.
‘സ്വദേശിവൽക്കരണം’ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് പ്രധാനമന്ത്രിയുടെ ഈ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

