“ദീര്‍ഘകാലമായി ഞാൻ ബാലോണ്‍ ഡി ഓര് നേടാൻ കഴിയുന്ന നിലവാരത്തിലാണ് കളിക്കുന്നത്, ഇത്തവണ പുരസ്കാരത്തിന് അര്‍ഹനുമാണ്” – സ്പാനിഷ് യുവതാരം ലമീൻ യമാൽ വ്യക്തമാക്കിയത് ഇങ്ങനെയാണ്. തന്റെ അവകാശവാദത്തിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്.
എന്നാൽ വിമർശകർക്കുള്ള മറുപടി സെവിയ്യയിലെ മൈതാനത്ത് കളിയിലൂടെ നൽകിയിരിക്കുകയാണ് ഈ യുവതാരം. യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ഇടതുകാൽ കൊണ്ട് കളം വാണ യമാൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്.
ബാലോൺ ഡി ഓർ പുരസ്കാരത്തിനായി ഫ്രാൻസ് ഫുട്ബോൾ മൂന്ന് പ്രധാന മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. വ്യക്തിഗത പ്രകടനവും സ്വാധീനവും, ക്ലബ്ബിനും രാജ്യത്തിനുമൊപ്പമുള്ള കിരീടങ്ങളും ആ നേട്ടങ്ങളിലെ താരത്തിന്റെ പങ്കും, മൈതാനത്തെ പെരുമാറ്റവും സ്പോർട്സ്മാൻഷീപും അടങ്ങുന്ന ഫെയർ പ്ലേ എന്നിവയാണവ.
2025 ഓഗസ്റ്റ് മുതൽ 2026 ജൂലൈ വരെയുള്ള കാലയളവാണ് ഇതിനായി പരിഗണിക്കുന്നത്. ബാഴ്സലോണയ്ക്കൊപ്പമുള്ള പ്രകടനവും സ്പെയിൻ ദേശീയ ടീമിനൊപ്പമുള്ള ലോകകപ്പ് പ്രകടനവുമാണ് യമാലിന്റെ കാര്യത്തിൽ ഏറ്റവും നിർണായകമാകുന്നത്.
ബാഴ്സലോണയിൽ ഹൻസി ഫ്ലിക്കിന്റെ തന്ത്രങ്ങളിലെ വെറുമൊരു വിങ്ങർ മാത്രല്ല ലമീൻ യമാൽ. അവരുടെ ആക്രമണ നിരയുടെ ഏറ്റവും പ്രധാന ചാലകശക്തിയാണ് താരം.
കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 27 ഗോൾ കോൺട്രിബ്യൂഷനുകളാണ് യമാലിന്റെ പേരിലുണ്ടായിരുന്നത്. 16 ഗോളുകളും 11 അസിസ്റ്റുമാണ് താരം നേടിയത്.
ബാഴ്സയെ കിരീടം നിലനിർത്താൻ സഹായിച്ചതിൽ യമാലിന്റെ ബൂട്ടുകൾക്ക് നിർണായക പങ്കുണ്ടായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിലാകട്ടെ 10 ഗോളും ഏഴ് അസിസ്റ്റും നേടി മികച്ച ഫോം തുടർന്നുവെങ്കിലും, ക്വാർട്ടർ ഫൈനലിൽ ഫ്ലിക്കിന്റെ സംഘം പുറത്തായത് താരത്തിന് തിരിച്ചടിയായിട്ടുണ്ട്.
എന്നാൽ ലോകകപ്പ് നടക്കുന്ന വർഷങ്ങളിൽ മറ്റെന്തിനേക്കാൾ മുൻതൂക്കം ലോകകപ്പ് പ്രകടനത്തിന് തന്നെയായിരിക്കും. ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ നിന്നായി 615 മിനിറ്റുകളാണ് സ്പെയിനിനുവേണ്ടി യമാൽ കളിച്ചത്.
ഫ്രാൻസിനെതിരായ മത്സരത്തിൽ സ്പെയിനിനെ ലീഡിലേക്ക് എത്തിച്ച പെനാൽറ്റി നേടിയെടുത്തതും യമാലായിരുന്നു. ഫെറാൻ ടോറസിന്റെ വിജയഗോൾ പിറന്നത് വലതുവിങ്ങിൽ യമാലിന്റെ ബൂട്ടിൽ നിന്നാണ്.
നടപ്പ് സീസണിലെ കണക്കുകളും യമാലിന്റെ അനുകൂല ഘടകമാണ്. ലാ ലിഗയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളും നാല് അസിസ്റ്റും, ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളും രണ്ട് അസിസ്റ്റും, നേഷൻസ് ലീഗിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ട്.
ആകെ 10 മത്സരങ്ങളിൽ നിന്ന് 18 ഗോൾ കോൺട്രിബ്യൂഷനുകളാണ് യമാലിന്റെ പേരിലുള്ളത്. ഹാരി കെയിൻ, കിലിയൻ എംബാപെ തുടങ്ങിയ താരങ്ങളാണ് യമാലിന് പ്രധാന വെല്ലുവിളിയായി ഉയരുന്നത്.
എങ്കിലും 2025 ബലോൺ ഡി ഓർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് എത്തിയ യമാൽ ഇക്കുറി കൂടുതൽ മികച്ച നേട്ടത്തോടെയാണ് മുന്നേറുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

