ജറുസലം∙ ഇസ്രയേലിൽ ഒക്ടോബർ 27 ന് നടന്ന പൊതുതിരഞ്ഞെടുപ്പിനു പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ പങ്കാളിയാകാനുള്ള സാധ്യത പൂർണമായി തള്ളി പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട്.
യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടാൽ പോലും തന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഒരു യോഗത്തിലാണ് ഐസൻകോട്ട് ഇക്കാര്യം പറഞ്ഞതെന്ന് ഇസ്രയേൽ പബ്ലിക് ബ്രോഡ്കാസ്റ്ററായ കാൻ ന്യൂസിനെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ബെന്യാമിൻ നെതന്യാഹു നയിക്കുന്ന ഒരു സർക്കാരിലും താൻ ഭാഗമാകില്ല. ട്രംപ് ക്ഷണിച്ചാൽ അദ്ദേഹത്തെ കാണാൻ തയാറാണെന്നും എന്നാൽ ആഭ്യന്തര രാഷ്ട്രീയ തീരുമാനങ്ങളിൽ ഇടപെടാനുള്ള യുഎസ് പ്രസിഡന്റിന്റെ ഏതൊരു ശ്രമത്തെയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് വിളിച്ചാൽ പ്രസിഡന്റിനോടുള്ള ബഹുമാനം കാരണം ചർച്ചയ്ക്കു പോകും. എന്നാൽ ഇത് ഇസ്രയേലിന്റെ ആഭ്യന്തര കാര്യമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തും.
ബാഹ്യ ഇടപെടലുകൾ ഒഴിവാക്കുമെന്നും ഗാദി ഐസൻകോട്ട് പറഞ്ഞു. ഇസ്രയേലിൽ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിനും ദീർഘനേരം നീണ്ടുനിൽക്കുന്ന ചർച്ചകൾ ഒഴിവാക്കി വേഗത്തിൽ സർക്കാർ രൂപീകരിക്കുന്നതിനുമായി നെതന്യാഹുവിനെയും പ്രതിപക്ഷ നേതാവിനെയും ഒന്നിപ്പിച്ച് ഒരു ദേശീയ ഐക്യ സർക്കാർ രൂപീകരിക്കാൻ ട്രംപിന്റെ പ്രതിനിധികൾ ശ്രമിക്കുന്നതിനിടയിലാണ് ഐസൻകോട്ടിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിനുശേഷം ഇസ്രയേലിൽ സർക്കാർ എത്രയും വേഗം നിലവിൽ വരണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് ലിക്കുഡ് പാർട്ടി വക്താവിനെ ഉദ്ധരിച്ച് ദ് വാഷിങ്ടൻ പോസ്റ്റും റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനുമായുള്ള യുദ്ധസാഹചര്യം വീണ്ടും ഉടലെടുത്താൽ സഖ്യത്തിൽ തുടരാൻ ഏറ്റവും അനുയോജ്യനായ പങ്കാളി ഐസൻകോട്ട് ആണെന്ന് നെതന്യാഹുവും യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ കേവലഭൂരിപക്ഷമായ 61 സീറ്റുകൾ നേടാൻ ഇരു വിഭാഗത്തിനും കഴിഞ്ഞിട്ടില്ല. നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളും പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റുകളുമാണ് ലഭിച്ചത്.
അറബ് പാർട്ടികൾ സംയുക്തമായി 19 സീറ്റുകൾ നേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

