തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ചുകൊണ്ട് ഇന്ത്യാ മുന്നണി സംഘടിപ്പിച്ച ‘ചലോ ദില്ലി’ റാലിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഡൽഹിയിലെ വ്യാപാരി സമൂഹം രംഗത്ത്. റാലിയും മാർച്ചും മൂലം മൊത്തം 3 ലക്ഷത്തോളം വരുന്ന കടകളിൽ രണ്ടര ലക്ഷത്തോളം കടകളും അടച്ചിടേണ്ടി വന്നുവെന്നും, ഇതുവഴി 10,000 കോടി മുതൽ 11,000 കോടി രൂപയുടെ വരെ കനത്ത വ്യാപാര നഷ്ടം സംഭവിച്ചുവെന്നുമാണ് വ്യാപാരികളുടെ പ്രധാന ആരോപണം.
വരുന്ന ദീപാവലി ഷോപ്പിങ് സീസൺ കണക്കിലെടുത്ത് നവംബർ 10 വരെയെങ്കിലും റാലി മാറ്റിവെക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് വ്യാപാരികൾ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം മഹാറാലി സംഘടിപ്പിച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയണമെന്നും, മോദി അതനുസരിച്ചാൽ 30 സെക്കൻഡിനകം സമരം അവസാനിപ്പിക്കാമെന്നുമായിരുന്നു റാലിക്കിടെ വ്യാപാരികളുടെ പ്രതിനിധികളോട് രാഹുൽ ഗാന്ധി നൽകിയ മറുപടി. വോട്ടുകൊള്ള നടത്തിയതിലും അദാനിക്കായി രാജ്യം അടിയറ വെച്ചതിലും ശക്തമായ നീതി ഉറപ്പാക്കുമെന്നും, ഇതിന്റെ പേരിൽ നരേന്ദ്ര മോദി ജയിലിൽ പോകേണ്ടി വരുമെന്നും രാംലീല മൈതാനിയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ആവർത്തിച്ചു.
സാധാരണ കടകളിൽ കയറി നടത്തുന്ന മോഷണമല്ല വോട്ടുകൊള്ളയെന്നും, അത് രാജ്യദ്രോഹവും അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) ചെയർമാൻ ബ്രിജേഷ് ഗോയൽ ആണ് രംഗത്തെത്തിയിരുന്നത്.
റാലി നടന്ന സ്ഥലത്തിന് സമീപത്തുള്ള 20 മുതൽ 25 വരെയുള്ള പ്രധാന വിപണന കേന്ദ്രങ്ങളെയാണ് ഇത് സാരമായി ബാധിച്ചതെന്നും, രണ്ടര ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായി അടഞ്ഞുകിടന്നതായും ബ്രിജേഷ് ഗോയൽ വ്യക്തമാക്കി. സാധാരണ ദിവസങ്ങളിൽ കച്ചവടത്തിനായി മൂന്ന് മുതൽ നാല് ലക്ഷം വരെ ആളുകൾ തലസ്ഥാനത്തേക്ക് എത്താറുണ്ടെങ്കിലും, റാലിയുടെ പശ്ചാത്തലത്തിൽ ആരും എത്തിച്ചേർന്നില്ല.
കൂടാതെ, അയ്യായിരത്തോളം വ്യാപാര വാഹനങ്ങൾ നിരത്തിലിറക്കാൻ സാധിക്കാത്തത് ചരക്കുനീക്കത്തെയും ഗുരുതരമായി ബാധിച്ചു. ദീപാവലി സീസണിൽ 10,000 കോടി മുതൽ 12,000 കോടി രൂപ വരെ വിറ്റുവരവ് നടക്കുന്ന വിപണിയാണിതെന്നും, റാലി മൂലം വ്യാപാരികൾക്ക് വലിയ സാമ്പത്തിക തകർച്ചയാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഈ നഷ്ടം റാലി സംഘടിപ്പിച്ചവർ പരിഹരിച്ചു നൽകുമോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ഇന്ത്യാ മുന്നണിയുടെ രാഷ്ട്രീയ റാലികളെ ആരും എതിർക്കുന്നില്ലെന്നും, എന്നാൽ സമരം നടത്തുവാൻ തിരഞ്ഞെടുത്ത സമയമാണ് യഥാർത്ഥ പ്രശ്നമെന്നും ഓട്ടോമോട്ടീവ് പാർട്സ് മർച്ചന്റ് അസോസിയേഷനും (എപിഎംഎ) പ്രതികരിച്ചു.
ചാന്ദ്നി ചൗക്, സദർ ബസാർ, ചാവ്രി ബസാർ, ഭാഗീരഥ് പാലസ്, ഖാരി ബൗളി, കശ്മീർ ഗേറ്റ്, നായ് സരക്, മോറി ഗേറ്റ്, കിനാരി ബസാർ, ദാരിബ, ദര്യഗഞ്ച്, അജ്മീരി ഗേറ്റ്, ജമാ മസ്ജിജ്, കരോൾ ബാഗ്, ആസാദ് മാർക്കറ്റ് തുടങ്ങിയവ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിലുൾപ്പെടുന്നവയാണ്. കേവലം മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് ഈ വിപണികളെല്ലാം സ്ഥിതിചെയ്യുന്നത് എന്നതിനാലാണ് റാലി ഇത്രത്തോളം വലിയ തിരിച്ചടിയായി മാറിയതെന്നും വ്യാപാരികൾ ഒരേസ്വരത്തിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

