രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 22 പേർക്ക് ഗുരുതരമായി പരുക്കേറ്റു.
പുലർച്ചെ 2.30 ഓടെയാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
എക്സ്പ്രസ് വേയിൽ വെച്ച് ബസ് മുന്നിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയും, പിന്നാലെ ഇരു വാഹനങ്ങളിലും തീ പടരുകയുമായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ മുകളിലെ ബർത്തുകളിലുണ്ടായിരുന്ന യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീണു.
പൊള്ളലേറ്റാണ് അഞ്ച് പേർ മരിച്ചതെന്നും, മറ്റ് രണ്ട് പേർ തലയ്ക്കേറ്റ ഗുരുതരമായ പരുക്കുകൾ കാരണമാണ് മരണപ്പെട്ടതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. പരുക്കേറ്റവരിൽ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്.
ഇവരെ ദൗസ ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഡ്രൈവർ ഉറക്കത്തിലേക്ക് വഴുതിയതാകാം ദുരന്തത്തിന് വഴിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബസ് അമിതവേഗതയിലായിരുന്നോ എന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

