രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്തി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കമ്പനി കുറച്ചിരിക്കുന്നത്.
രാജ്യത്തുടനീളം 7000-ത്തോളം പെട്രോൾ പമ്പുകളുള്ള ശൃംഖലയാണ് നയാര എനർജിയുടേത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം 500 പുതിയ പമ്പുകൾ കൂടി കമ്പനി പ്രവർത്തനം തുടങ്ങിയിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നപ്പോൾ, അതിന് ആനുപാതികമായി കഴിഞ്ഞ മാർച്ചിൽ ഡീസലിന് 3 രൂപയും പെട്രോളിന് 5 രൂപയും കമ്പനി വർധിപ്പിച്ചിരുന്നു. നിലവിൽ ക്രൂഡോയിൽ വിലയിൽ ഉണ്ടായ കുറവിനെ തുടർന്നാണ് ഈ ഇളവ്.
യുദ്ധം ആരംഭിച്ച ശേഷം ഇന്ത്യയിൽ ഒരു എണ്ണക്കമ്പനി ഇന്ധനവില കുറയ്ക്കുന്നത് ഇതാദ്യമായാണ്. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികൾ ഈ കാലയളവിൽ മൂന്ന് തവണയായി പെട്രോളിന് 7.5 രൂപ വർധിപ്പിച്ചിരുന്നു.
ഡീസലിനും സമാനമായ വിലവർധനവ് ഉണ്ടായിട്ടുണ്ട്. പൊതുമേഖലാ കമ്പനികൾ എപ്പോൾ വില കുറയ്ക്കുമെന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.
തിരുവനന്തപുരത്ത് നിലവിൽ പെട്രോളിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110-120 ഡോളർ വരെ ഉയർന്ന സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും നിലവിൽ അത് 70-73 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നിട്ടുണ്ട്.
ഒരുഘട്ടത്തിൽ വില 70 ഡോളറിന് താഴെയും എത്തിയിരുന്നു. ക്രൂഡോയിൽ വില ഉയർന്ന സമയത്ത് പ്രതിദിനം 700-1000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കേന്ദ്ര സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഇത് പൊതുമേഖലാ കമ്പനികൾ വില കുറയ്ക്കുന്നതിൽ കാലതാമസം വരുത്തുമോ എന്ന ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഇന്ത്യയിലെ 90 ശതമാനം പെട്രോൾ പമ്പുകളും ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ എന്നീ പൊതുമേഖലാ കമ്പനികളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

