പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ നിർണായകമായ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്. തൃണമൂൽ കോൺഗ്രസിൽ നിന്നും വിട്ടുപോയി വിമത ചേരിക്ക് രൂപം നൽകിയ ഋതബ്രത ബാനർജിയുടെ പക്ഷത്ത് ആഭ്യന്തര കലഹങ്ങൾ ഉടലെടുത്തതായി മമത അനുകൂലികൾ ആരോപിക്കുന്നു.
ബംഗാൾ നിയമസഭയിൽ വിവിധ ബില്ലുകൾക്ക് മേൽ നടന്ന വോട്ടെടുപ്പിനിടെ വിമത പക്ഷത്തെ എംഎൽഎമാരുടെ മനോഭാവത്തിൽ പ്രകടമായ മാറ്റം ഉണ്ടായതാണ് ഈ അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ഈ വിഷയത്തിൽ പ്രതികരണവുമായി ബെലെഘട്ടയിൽ നിന്നുള്ള തൃണമൂൽ എംഎൽഎയും മമതയുടെ വിശ്വസ്തനുമായ കുനാൽ ഘോഷ് രംഗത്തെത്തി.
“പൊലീസ് പീഡനങ്ങളിൽ നിന്നും കേസിൽ നിന്നും രക്ഷപ്പെടാം എന്ന വാഗ്ദാനം നൽകിയാണ് പലരെയും ഋതബ്രത ബാനർജി തനിക്കൊപ്പം കൂട്ടിയതെന്നും എന്നാൽ തൃണമൂലിന്റെ യഥാർത്ഥ രക്തമുള്ളവർക്ക് ഈ വഞ്ചന സഹിക്കാനാകില്ലെന്നും” അദ്ദേഹം പറഞ്ഞു. ഋതബ്രത ബാനർജിയെ ഉപേക്ഷിച്ച് മമത പക്ഷത്തേക്ക് തിരിച്ചുവരാൻ നിരവധി വിമത എംഎൽഎമാർ ആലോചിക്കുന്നുണ്ടെന്നും കുനാൽ ഘോഷ് അവകാശപ്പെട്ടു.
നിയമസഭയിൽ ഋതബ്രതയ്ക്കെതിരെ സംസാരിച്ചപ്പോൾ സ്വന്തം ക്യാമ്പിലെ ഒരു എംഎൽഎ പോലും പിന്തുണയ്ക്കാൻ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി രംഗത്തെത്തി.
മമത പക്ഷത്തിന്റേത് കേവലം മനശാസ്ത്രപരമായ യുദ്ധം മാത്രമാണെന്നും, തോൽവി മുന്നിൽക്കണ്ടവരുടെ വിലാപമാണിതെന്നും അദ്ദേഹം പരിഹസിച്ചു. വിഷയത്തിൽ പ്രതികരിച്ച വിമത വിഭാഗം ചീഫ് വിപ്പ് അഖ്റുസ്സമാൻ, “തങ്ങൾ വാതിൽ പൂർണ്ണമായി തുറക്കാത്തത് കൊണ്ടാണ് കാളീഘട്ടിലെ (മമത ബാനർജിയുടെ വസതി) പാർട്ടിക്കൊപ്പം ഏതാനും പേരെങ്കിലും അവശേഷിക്കുന്നതെന്ന്” വ്യക്തമാക്കി.
അതേസമയം, നിയമസഭയ്ക്കുള്ളിൽപ്പോലും പ്രതിപക്ഷം പരസ്പരം പോരടിക്കുകയാണെന്നും തൃണമൂൽ പൂർണ്ണമായും തകർന്നുവെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി പരിഹസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

