ന്യൂഡൽഹി: പാർലമെന്റിലും പുറത്തും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഭരണപക്ഷത്തിനുമെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ സ്പീക്കറോട് പലതവണ ആവശ്യപ്പെട്ടിട്ടും തനിക്ക് സംസാരിക്കാൻ അനുമതി നൽകിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഭരണപക്ഷം ബോധപൂർവം തടസ്സങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ അഭിമുഖീകരിക്കാൻ ഭയപ്പെടുകയാണെന്നും, പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെ വെടിവയ്ക്കാൻ ആഭ്യന്തരമന്ത്രി അനുമതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ ആർഎസ്എസ് ശക്തമായി ഇടപെടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. “ധർമേന്ദ്ര പ്രധാൻ ഒരു പ്രതീകം മാത്രമാണ്.
യഥാർഥ ശത്രു ആർഎസ്എസാണ്. വിദ്യാർഥികളെ അന്ധവിശ്വാസികളാക്കാൻ ആഗ്രഹിക്കുന്നതും അവരാണെന്ന്” അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉപരിപ്ലവമായ കാര്യം മാത്രമാണെന്നും രാജ്യത്തെ സർവകലാശാലകളിലുടനീളം ആർഎസ്എസ് പിന്തുണയുള്ള വൈസ് ചാൻസലർമാരെയാണ് നിയമിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

