ഇന്ധനവിലയിലെ വർധനവിന് പിന്നാലെ രാജ്യത്തെ സാമ്പത്തിക മേഖല കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. അമേരിക്കൻ ഡോളറിനെതിരായ രൂപയുടെ മൂല്യത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ് ഇടിവും പണപ്പെരുപ്പത്തിന്റെ തോത് വർധിച്ചതും സാമ്പത്തിക സ്ഥിതിയെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്കുകളിൽ നിർണായകമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. റീപ്പോ നിരക്ക് വർധിപ്പിക്കുകയെന്നത് അനിവാര്യമായ നടപടിയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പൊതുവായ വിലയിരുത്തൽ.
ജൂൺ 3 മുതൽ 5 വരെ ചേരുന്ന ആർബിഐ പണനയ സമിതിയുടെ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. നിലവിൽ 5.25 ശതമാനമായ പലിശ നിരക്ക് 50 മുതൽ 75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ ഉയർത്താനാണ് സാധ്യതയേറെയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 97 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയതും, യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ ഇറക്കുമതിച്ചെലവിലെ വർധനയും വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവും കേന്ദ്ര ബാങ്കിനെ കടുത്ത തീരുമാനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തെക്കുറിച്ച് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിരീക്ഷണം ഇങ്ങനെയാണ്: “ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും.” ആഗോള തലത്തിലെ കേന്ദ്ര ബാങ്കുകളുടെ നയങ്ങളും സർക്കാർ ബോണ്ടുകളിൽ നിന്നുള്ള ആദായത്തിലെ വ്യതിയാനങ്ങളും നിലവിലെ സാഹചര്യത്തിൽ ഏറെ നിർണായകമാണ്. കേന്ദ്ര ബാങ്കിന്റെ ഈ തീരുമാനങ്ങൾ സാധാരണക്കാരുടെ വായ്പാ തിരിച്ചടവുകളെ നേരിട്ട് ബാധിക്കും.
റീപ്പോ നിരക്ക് ഉയരുന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് വർധിക്കുകയും, ഇത് വായ്പകളുടെ ഇഎംഐ തുകയിലോ തിരിച്ചടവ് കാലാവധിയിലോ വർധനവിന് വഴിവെക്കുകയും ചെയ്തേക്കാം. സ്ഥിര നിക്ഷേപകർക്ക് ഉയർന്ന പലിശ ലഭിക്കുമെന്നത് അനുകൂല ഘടകമാണെങ്കിലും, ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ഈ നടപടി വലിയ സമ്മർദ്ദത്തിന് കാരണമാകും.
അതേസമയം, വിപണിയിലെ പണലഭ്യത ഉറപ്പാക്കുന്നതിനായി 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് ലഭ്യമാക്കാനും ആർബിഐ പദ്ധതിയിടുന്നുണ്ട്. ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെ രൂപയുടെ മൂല്യം സ്ഥിരപ്പെടുത്താനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

