ആഗോളതലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമാവുകയും ഇറാൻ നിയന്ത്രിക്കുന്ന കപ്പൽപാതകളിൽ പ്രതിസന്ധികൾ ആവർത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തി. പശ്ചിമേഷ്യൻ മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണം സുഗമമാക്കുന്നതിനും പുതിയ വഴിയിലൂടെ പുറത്തെത്തിക്കുന്നതിനും ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
2023 സെപ്റ്റംബർ 9-ന് ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലാണ് നിർണായകമായ ഈ സാമ്പത്തിക ഇടനാഴി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. “അയൽരാജ്യങ്ങളിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങൾ, പശ്ചിമേഷ്യയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ഇറാന്റെ നിയന്ത്രണത്തിലുള്ള ചെക്ക്പോസ്റ്റുകളിൽനിന്നു മാറ്റേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്.
അതുകൊണ്ടാണ് പൈപ്പ്ലൈനിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ എണ്ണ പുറത്തെത്തിക്കാൻ എന്റെ ഭരണകൂടം ഇന്ത്യ-പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയേയും മറ്റു മാർഗങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത്. ഒരു പതിറ്റാണ്ടായി ഈ മേഖലയെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെ മറികടക്കേണ്ട
അടിയന്തര ഘട്ടത്തിലാണ് നാം ഇപ്പോൾ.” എന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും സമുദ്രമാർഗം ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ മേഖലയിലേക്കും, തുടർന്ന് റെയിൽ മാർഗം യൂറോപ്പിലേക്കും ചരക്കുനീക്കം സാധ്യമാക്കുന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
ദക്ഷിണേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നീ വൻകരകൾ തമ്മിലുള്ള വ്യാപാര ബന്ധങ്ങളും സാമ്പത്തിക സുസ്ഥിരതയും കൂടുതൽ ശക്തമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും പുറമെ അമേരിക്ക, സൗദി അറേബ്യ, യു.എ.ഇ., ഫ്രാൻസ്, ജോർദാൻ, ഇസ്രയേൽ, ജർമനി തുടങ്ങിയ രാജ്യങ്ങളും ഈ സുപ്രധാന പദ്ധതിയുടെ ഭാഗമാണ്.
വിവിധ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ചൈനയുടെ അതിവിശാലമായ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിക്ക് ശക്തമായ ബദലായിട്ടാണ് ഇന്ത്യയും അമേരിക്കയും ചേർന്ന് ഈ പദ്ധതിയുടെ ആശയത്തിന് രൂപം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

