തൊടുപുഴ ∙ മന്ത്രിമാരുടെ വിദേശയാത്ര വിവാദത്തിൽ പ്രതികരിച്ച മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രസ്താവനയ്ക്കെതിരെ എൽ.ഡി.എഫ് നേതാവ് എം.എം.
മണി രംഗത്ത്. മന്ത്രിക്ക് വിവരം ഇല്ലാഞ്ഞിട്ടാണ് അത്തരത്തിൽ സംസാരിക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ഭാര്യയുടെ കൂടെപ്പോയിരിക്കാം, അല്ലെങ്കില്‍ വിശ്രമിക്കാം, അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാം’ എന്നാണ് എം.എം. മണി പ്രതികരിച്ചത്.
ജോലി ചെയ്യാൻ അറിയില്ലെങ്കിൽ മറ്റെന്തെങ്കിലും പണി നോക്കാമെന്നും, മന്ത്രിപദവി ഏറ്റെടുത്താൽ ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് വകുപ്പ് മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും, പത്ത് വർഷം എം.എൽ.എ ആയിരുന്നപ്പോഴും ചുമതലകൾ ഭംഗിയായി നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം യാത്ര ചെയ്തതുപോലെയല്ല തങ്ങൾ വിദേശത്തേക്ക് പോയതെന്നും, ഈ യാത്രകൾ യാതൊരുവിധ വിവാദങ്ങൾക്കും ഇടനൽകേണ്ടതില്ലെന്നുമായിരുന്നു മന്ത്രി ഒ.ജെ. ജനീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ഇത് ഏതു കാലമാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. തനിക്ക് 37 വയസാണെന്നും തന്ത വൈബ് പിടിക്കാൻ ഉദേശിക്കുന്നില്ലെന്നും സർക്കാർ ചെലവിലല്ല യാത്രയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

