ഇന്ധനവില വർധനയ്ക്ക് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക മേഖല കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് നിലവാരത്തിലേക്ക് ഇടിഞ്ഞതും പണപ്പെരുപ്പം നിയന്ത്രണാതീതമായതും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) കർശനമായ നടപടികളിലേക്ക് നയിക്കുകയാണ്.
ഇതിന്റെ ഭാഗമായി റിപ്പോ നിരക്ക് വർധിപ്പിക്കാൻ കേന്ദ്ര ബാങ്ക് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജൂൺ 3 മുതൽ 5 വരെ നടക്കുന്ന പണനയ സമിതി (എംപിസി) യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
നിലവിൽ 5.25 ശതമാനമായ റിപ്പോ നിരക്കിൽ 50 മുതൽ 75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ വർധനയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ ഇറക്കുമതി ചെലവിലെ വർധനയും വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവും കേന്ദ്ര ബാങ്കിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഈ വിഷയത്തിൽ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവർ നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്: “‘ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും'”.
സർക്കാർ ബോണ്ടുകളിലെ ഉയർന്ന ആദായ നിരക്കും ആഗോള കേന്ദ്ര ബാങ്കുകളുടെ പലിശ നയങ്ങളും ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. റിപ്പോ നിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ ബാങ്ക് വായ്പകളെ നേരിട്ട് ബാധിക്കും.
ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയരുന്നത് സാധാരണക്കാരുടെ പ്രതിമാസ തിരിച്ചടവ് തുകയിലോ (ഇഎംഐ) തിരിച്ചടവ് കാലാവധിയിലോ വർധനയ്ക്ക് കാരണമാകും. അതേസമയം, സ്ഥിര നിക്ഷേപകർക്ക് ഈ തീരുമാനം നേട്ടമായേക്കും.
ഓഹരി വിപണിയിലും ഈ മാറ്റങ്ങളുടെ പ്രതിഫലനം ഉടൻ പ്രകടമാകുമെന്നാണ് കരുതപ്പെടുന്നത്. രൂപയുടെ മൂല്യത്തകർച്ച തടയുന്നതിന്റെ ഭാഗമായി പണലഭ്യത ഉറപ്പാക്കാൻ 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവരാനും ആർബിഐ പദ്ധതിയിടുന്നുണ്ട്.
സ്വാപ് ലേലത്തിലൂടെ ബാങ്കുകളിൽ നിന്ന് ഡോളർ സ്വീകരിച്ച് പകരം രൂപ നൽകുന്ന ഈ സംവിധാനത്തിലൂടെ, മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ബാങ്കുകൾക്ക് തുക തിരികെ വാങ്ങാൻ അവസരമുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

