വയനാടൻ തോട്ടങ്ങളിൽ വിളയുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വലിയ സ്വീകാര്യത ലഭിക്കുന്നു. ജില്ലയിലെ തോട്ടങ്ങളിൽ നിന്ന് ദിവസവും ലോഡ് കണക്കിന് ചക്കയാണ് കർണാടകയിലെ വിപണികളിലേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നത്.
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ പഴുത്തതും പച്ചയുമായ ചക്കകൾക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ അഞ്ച് ചുള അടങ്ങിയ പാക്കറ്റിന് 30 രൂപയാണ് വില.
ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലാണ് വിപണനം നടക്കുന്നത്. ഒരു വലിയ ചക്ക മുറിച്ച് വിൽക്കുന്നതിലൂടെ കച്ചവടക്കാരന് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, കർഷകർക്ക് ലഭിക്കുന്നത് കേവലം 20 രൂപ മാത്രമാണ്.
ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ലോറികളിലാണ് ഇവ കർണാടകയിലേക്കും ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തിക്കുന്നത്. കനത്ത ചൂടിൽ ചക്ക കേടാകാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് വാഹനങ്ങളിൽ കയറ്റി അയക്കുന്നത്.
വർഷംതോറും വൻതോതിൽ ചക്ക പുറത്തേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും, വയനാട്ടിലെ തോട്ടങ്ങളിൽ വിളയുന്ന ചക്കയുടെ വലിയൊരു ഭാഗം ഇപ്പോഴും പഴുത്ത് ചീഞ്ഞു നശിക്കുകയാണ്. ജില്ലയിൽ ചക്കയോ മറ്റ് ജൈവ പഴവർഗ്ഗങ്ങളോ സംസ്കരിച്ച് വിപണനം നടത്താനുള്ള സംവിധാനങ്ങളുടെ അഭാവം കർഷകർക്ക് വലിയ തിരിച്ചടിയാണ്.
സർക്കാർ തലത്തിൽ വിവിധ പദ്ധതികൾ വഴി പഴവർഗ്ഗ കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, വിപണന സാധ്യതകളോ സംസ്കരണ സൗകര്യങ്ങളോ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നുവെന്ന ആക്ഷേപം കർഷകർക്കിടയിൽ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

