രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്ന ഇ20 ഇന്ധനം സാധാരണ പെട്രോൾ വാഹന ഉടമകൾക്ക് വലിയ ആശങ്കയാകുന്നു. 34,23,22,719 വാഹന ഉടമകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിച്ചിരിക്കുന്നത്.
ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുമെന്നും എൻജിനുകളെ തകരാറിലാക്കുമെന്നും കേന്ദ്രസർക്കാർ പരോക്ഷമായി സമ്മതിച്ചതോടെ സാധാരണ ഉപഭോക്താക്കൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വാഹൻ പോർട്ടലിലെ കണക്കുകൾ പ്രകാരം, 2023 ഏപ്രിലിന് മുൻപും ശേഷവും റജിസ്റ്റർ ചെയ്ത സാധാരണ പെട്രോൾ വാഹനങ്ങളുടെ എണ്ണമാണിത്.
ഈ വർഷം മാത്രം 43,12,170 സാധാരണ പെട്രോൾ വാഹനങ്ങളാണ് രാജ്യത്ത് പുതുതായി റജിസ്റ്റർ ചെയ്യപ്പെട്ടത്. രാജ്യത്ത് ആകെയുള്ള 44 കോടിയിലധികം വാഹനങ്ങളിൽ, ഇ20 ഇന്ധനത്തിന് അനുയോജ്യമായവ വെറും 1,57,47,694 എണ്ണം മാത്രമാണെന്നതും സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.
ഇ20 ഇന്ധനം പിൻവലിക്കില്ലെന്ന് കേന്ദ്രം
രാജ്യത്ത് പൂർണമായി നടപ്പാക്കിയ ഇ20 ഇന്ധന പദ്ധതി ഇനി പിൻവലിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇതിനോടകം എഥനോൾ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപം നടത്തിക്കഴിഞ്ഞു എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മറ്റ് രാജ്യങ്ങളിലുള്ളതുപോലെ സാധാരണ പെട്രോളോ ഇ20 പെട്രോളോ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കുന്നത് പ്രായോഗികമല്ലെന്നും, അത്തരം നടപടികൾ വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നും അധികൃതർ അറിയിച്ചു. സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഇ20 ഇന്ധനത്തിന് ഉൽപാദനച്ചെലവ് കൂടുതലായതിനാലാണ് വിലയിൽ കുറവുണ്ടാകാത്തതെന്നും സർക്കാർ വ്യക്തമാക്കുന്നു.
അതേസമയം, ഈ പദ്ധതിയിലൂടെ കർഷകരിലേക്ക് നേരിട്ട് 1.66 ലക്ഷം കോടിയിലധികം രൂപ എത്തിക്കാൻ സാധിച്ചുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

