സ്വർണവില വീണ്ടും താഴുന്നു. ഇനി മുന്നിൽ കൂടുതൽ താഴ്ചയുടെ നാളുകളാണോ? രാജ്യാന്തര വിപണിയിലെ ഇപ്പോഴത്തെ ട്രെൻഡ് അതാണ് വ്യക്തമാക്കുന്നതും.
കേരളത്തിൽ ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 11,430 രൂപയായി. 120 രൂപ താഴ്ന്ന് 91,440 രൂപയാണ് പവൻ വില.
രാജ്യാന്തരവില കനത്ത ചാഞ്ചാട്ടമാണ് നേരിടുന്നത്. ഒരുവേള ഔൺസിന് 4,110 ഡോളർ വരെ ഉയർന്നശേഷം 4,047ലേക്ക് താഴ്ന്നു.
ഇപ്പോഴുള്ളത് 4,066 ഡോളറിൽ.
രാജ്യാന്തരവില ഈ ചെറിയ കരകയറ്റം നടത്തിയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് വില കൂടുതൽ ഇടിയുമായിരുന്നു. അതേസമയം, വില വരുംദിവസങ്ങളിലും കുറയാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു.
അതിനുള്ള കാരണങ്ങൾ ഇങ്ങനെ:
1) യുഎസ് ഫെഡ് പലിശനയം: ഡിസംബറിൽ പ്രഖ്യാപിക്കുന്ന പണനയത്തിൽ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങി. പലിശനിരക്ക് കുറഞ്ഞാൽ അമേരിക്കയിലെ നിക്ഷേപങ്ങൾ അനാകർഷകമാവുകയും ഡോളർ ദുർബലമാവുകയും ചെയ്യും.
ഇത് സ്വർണവില കൂടാൻ ഇടയാക്കുമായിരുന്നു.
2) ഡോളർ മുന്നോട്ട്: പലിശയിറക്കത്തിന് സാധ്യത മങ്ങിയതോടെ ഡോളർ മെച്ചപ്പെടുന്നു. യുഎസ് ഡോളർ ഇൻഡക്സ് വീണ്ടും 100 കടന്നു.
രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കേ, ഡോളർ ശക്തിപ്പെടുമ്പോൾ സ്വർണം വാങ്ങാനുള്ള ചെലവേറും. ഇത് ഡിമാൻഡിനെ ബാധിക്കുകയും വില കുറയുകയും ചെയ്യും.
3) ഫെഡ് മിനിറ്റ്സ്: പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് യുഎസ് ഫെഡിലെ ഗവർണർമാരും ചെയർമാൻ ജെറോം പവലും രണ്ടുതട്ടിലാണെന്ന് കഴിഞ്ഞ യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കി.
ഇത് പലിശയിറക്കിനുള്ള സാധ്യത കുറയ്ക്കുന്നു.
ഫലത്തിൽ, വരുംദിവസങ്ങളിലും രാജ്യാന്തര സ്വർണവില ചാഞ്ചാടിയേക്കാമെന്നാണ് സൂചനകൾ. കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,450 രൂപയായി.
വെള്ളിവില മാറ്റമില്ലാതെ 167 രൂപ. എന്നാൽ, മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണത്തിനു നൽകിയ വില ഗ്രാമിന് 15 രൂപ കുറച്ച് 9,400 രൂപയാണ്.
വെള്ളിവില പരിഷ്കരിച്ചില്ല; ഗ്രാമിന് 163 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

