21 വർഷക്കാലത്തെ ഒമാനിലെ പ്രവാസജീവിതം അവസാനിപ്പിച്ചു തിരിച്ചെത്തിയപ്പോൾ സ്വന്തമായൊരു ബിസിനസ് എന്നതായിരുന്നു മാവേലിക്കരക്കാരൻ സജിയുടെ സ്വപ്നം. എന്നാൽ എടുത്തുചാടാൻ തയാറായിരുന്നില്ല.
ചിന്തിച്ച്, ഏറെക്കാലത്തെ പഠനത്തിനും നിരീക്ഷണത്തിനും ശേഷം കണ്ടെത്തിയ ആശയം
മാറിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ന് അദ്ദേഹം.
എന്താണ് ബിസിനസ്?
മാവേലിക്കരയ്ക്കടുത്ത് ഓലകെട്ടിയമ്പലത്തെ ‘െക.ടി. ഫുഡ്സ് ആൻഡ് സ്വീറ്റ്സ്’ എന്ന സ്ഥാപനത്തിൽ ബ്രൗൺ ബ്രഡ് ആണ് പ്രധാന ഉൽപന്നം.
ലൈഫ് സ്റ്റൈൽ രോഗങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് അത്തരക്കാർക്ക് കുറഞ്ഞ നിരക്കിൽ ദിവസവും കഴിക്കാവുന്ന ഭക്ഷണം ലഭ്യമാക്കുക എന്നതായിരുന്നു ആശയം. പ്രമേഹംമൂലം കഷ്ടപ്പെടുന്നവർക്ക് അത്തരത്തിൽ ആശ്രയിക്കാവുന്നതാണ് ബ്രൗൺ ബ്രൗഡ് എന്നു പഠനങ്ങളിൽനിന്നു മനസ്സിലാക്കിയാണ് സംരംഭം ആരംഭിച്ചത്.
എന്നാൽ വിറ്റുവരവ് മെച്ചപ്പെടണമെങ്കിൽ ബ്രെഡ് മാത്രം പോരാ എന്നു തിരിച്ചറിഞ്ഞതോടെ മറ്റു ബേക്കറി ഉൽപന്നങ്ങളും നിർമിച്ചു വിൽക്കാൻതുടങ്ങി.
വൈറ്റ് ബ്രഡ്, ബൺ, ബൺ ക്രീം റോൾ, ഫ്രൂട്ട് ബൺ, അങ്കിൾ ബൺ, കുക്കീസ്, റസ്ക്, ബേബി റസ്ക്, കപ് കേക്ക്, സ്ലൈസ് കേക്സ്, പീനട്ട് കുക്കീസ്, പഫ്സ്, ചിക്കൻ റോൾ അങ്ങനെ നീളുന്നു ഉൽപന്ന നിര. എങ്കിലും പ്രാധാന്യം ബ്രൗൺ ബ്രഡിനുതന്നെ.
അതു വ്യത്യസ്തമായ രീതിയിൽ ചെയ്തുവരുന്നു. ആട്ട
മാത്രമായും ആട്ടയ്ക്കൊപ്പം മില്ലറ്റുകൂടി ചേർത്തും ഇവ ഉൽപാദിപ്പിക്കുന്നു. ‘ഫ്രഞ്ച് അവ്ൻ’ എന്ന ബ്രാൻഡിലാണ് വിൽപന.
21 വർഷം പ്രവാസം
ഒമാനില് േബക്കറി ഉൽപന്നങ്ങളുടെയും മറ്റു ഭക്ഷ്യ ഉൽപന്നങ്ങളുടെയും നിർമാണപ്ലാന്റുകളുടെ ചുമതല നോക്കിയിരുന്നു.
ആ അനുഭവസമ്പത്താണ് ആത്മവിശ്വാസം പകർന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പിന്തുണയും സഹായകമായി.
25 ലക്ഷം രൂപയുടെ വായ്പ
പിഎംഇജിപി പദ്ധതിപ്രകാരം 25 ലക്ഷം വായ്പ എടുത്തു.
അതിൽ 8.75 ലക്ഷം രൂപ സബ്സിഡിയായി ലഭിച്ചു. പക്ഷേ, സ്വന്തം സ്ഥലത്ത് 2,500 ചതുരശ്രയടി കെട്ടിടം നിർമിച്ചതിനാൽ മൊത്തം ഒരു കോടി രൂപയോളം നിക്ഷേപിക്കേണ്ടിവന്നു.
ഗൾഫിലെ സമ്പാദ്യത്തിനൊപ്പം കുറച്ചു കടം വാങ്ങിയും ലക്ഷ്യം പൂർത്തിയാക്കി.
50 ലക്ഷം രൂപയുടെ മെഷിനറികൾ
ഏകദേശം 50 ലക്ഷം രൂപയുടെ മെഷിനറികളും ഉപകരണങ്ങളുമുണ്ട്. അവ്നുകൾ, മിക്സർ മെഷീനുകൾ, സ്ലൈസർ, മോൾഡുകൾ, പ്രൂഫർ തുടങ്ങിയവയ്ക്കു പുറമെ പായ്ക്കിങ് ആൻഡ് സീലിങ് മെഷീൻ, വേയിങ് ബാലൻസ്, കോഡിങ് മെഷീൻ, ജനറേറ്റർ തുടങ്ങിയവയെല്ലാമുണ്ട്.
ഈ മെഷിനറികൾക്കു പുറമെ സ്വന്തമായി രണ്ടു വാഹനങ്ങളുമുണ്ട്.
27 തൊഴിലാളികൾ
സമീപപ്രദേശങ്ങളിൽനിന്നുള്ള 27 പേര് ജോലി ചെയ്യുന്നു. കുടുംബ ബിസിനസായി മുന്നോട്ടു കൊണ്ടുപോകുന്ന സ്ഥാപനത്തിൽ സജിയും ഭാര്യ നിഷയും പ്ലാന്റിൽതന്നെ ശ്രദ്ധിക്കുന്നു.
സഹോദരൻ അജിത്തിനാണ് പ്രൊഡക്ഷൻ മേൽനോട്ടം. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ അമൃത, 7–ാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എന്നിവരടങ്ങുന്നതാണ് ഇവരുടെ കുടുംബം.
നാലു ജില്ലകളിൽ വിൽപന
ബ്രൗൺ ബ്രഡിനുതന്നെയാണ് ഏറ്റവും അധികം വിൽപന.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലാണ് പ്രധാന വിപണി. വിൽപന വിതരണക്കാരിലൂടെ ആയതിനാൽ മറ്റു പ്രശ്നങ്ങളില്ല. മത്സരം ഉണ്ടെങ്കിലും ഈ രംഗത്തെ സാധ്യതകൾ ഏറെയാണ്.
മികവ് ഉറപ്പാക്കാൻ
∙ ഏറ്റവും നല്ല അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് ശുദ്ധിയോടെയുള്ള ഉൽപാദനം.
∙ സാങ്കേതികമികവും പരിചയവും ഉൽപന്നങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു
∙ ഗുണനിലവാരം ഉറപ്പാക്കാൻ ഉൽപന്നങ്ങൾ കൃത്യമായി പരിശോധിക്കും.
അൽപം രുചിവ്യത്യാസം വന്നാൽപോലും അവ നശിപ്പിക്കും. അസംസ്കൃത വസ്തുക്കളുടെ വിലവർധന വലിയ വെല്ലുവിളിയാണ്.
മാസം 10–15 ലക്ഷം രൂപയുടെ വിറ്റുവരവു ലഭിക്കുന്നുണ്ട്. 15–25% വരെയാണ് അറ്റാദായം.
മാസം ഒരു ലക്ഷം രൂപയോളം ജിഎസ്ടി അടയ്ക്കുന്നുണ്ട്.
ലൈസൻസുകളും അനുമതികളും
ഫൂഡ് സേഫ്റ്റി ൈലസൻസ്, പാക്കർ, ജിഎസ്ടി, മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത് അനുമതി എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്.
ദോശ/ഇഡ്ഡലി മിക്സ്
ദോശ, ഇഡ്ഡലി മിക്സ് നിർമിക്കുന്ന പുതിയ പ്ലാൻ തുടങ്ങാനായി സ്ഥലവും കെട്ടിടവും കണ്ടെത്തിക്കഴിഞ്ഞു. ഏതാനും മെഷിനറികൾക്ക് അഡ്വാൻസും നൽകി.
3 മാസത്തിനുള്ളിൽ ഉൽപാദനം ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
പുതു സംരംഭകർക്ക്
ഭക്ഷ്യ സംസ്കരണരംഗത്ത്, പ്രത്യേകിച്ച് റെഡി–ടു–ഈറ്റ് വിഭവങ്ങൾക്ക് മികച്ച അവസരങ്ങളും നല്ല ലാഭവിഹിതവും ലഭിക്കും. ചെറിയ നിക്ഷേപത്തിൽതന്നെ പല ഉൽപന്നങ്ങളും നിർമിക്കാനാകും.
ഏതെങ്കിലും ഒന്നോ രണ്ടോ ഉൽപന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ചെയ്താൽ ബേക്കറി ഒരു നല്ല സംരംഭമാണ്. 10 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഒരു മിനി ബേക്കറി തുടങ്ങാം.
രണ്ടു ജോലിക്കാർ മതിയാകും. 2 ലക്ഷം രൂപയുടെ കച്ചവടം നടത്തിയാൽപോലും 40,000 രൂപ സമ്പാദിക്കാനാവും ∙
വിലാസം: സജി ആർ.
M/s KT Foods & Sweets
(French Oven) ഓലകെട്ടിയമ്പലം,
മാേവലിക്കര 690510
(സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
മലയാള മനോരമ സമ്പാദ്യം സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

