സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ വിസയിൽ എത്തുന്നവർക്കായി ഇന്ത്യയിൽ പുതിയ നിബന്ധന നിലവിൽ വരുന്നു. തിങ്കളാഴ്ച മുതൽ ഹൗസ് ഡ്രൈവർ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് സ്കിൽ ടെസ്റ്റ് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവായി.
സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം’ വഴിയാണ് ഈ പരീക്ഷകൾ സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട
ഔദ്യോഗിക അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. നിലവിൽ മറ്റ് ഗാർഹിക വിസകളിൽ എത്തുന്നവർക്ക് ഈ പരീക്ഷ ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
മുംബൈയിലെ സൗദി കോൺസുലേറ്റും സൗദി എംബസിയും നേരത്തെ തന്നെ ഈ വിഷയം സൂചിപ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം വൈകുകയായിരുന്നു. എന്നാൽ സൗദി ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് പ്ലാറ്റ്ഫോമായ ‘മുസാനിദ്’ പോർട്ടലിൽ സ്കിൽ ടെസ്റ്റ് ഓപ്ഷൻ ഉൾപ്പെടുത്തിയതോടെ, പരീക്ഷ വിജയിക്കാതെ വിസ സ്റ്റാമ്പ് ചെയ്യാൻ കഴിയാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.
തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ അടങ്ങിയതാണ് ഈ സ്കിൽ ടെസ്റ്റ് പ്രക്രിയ. ഇതിൽ വിജയം കൈവരിക്കുന്നവർക്ക് മാത്രമേ വിസ സ്റ്റാമ്പിങ് ഉൾപ്പെടെയുള്ള മറ്റ് തുടർനടപടികളിലേക്ക് കടക്കാൻ സാധിക്കൂ.
കേരളത്തിൽ കൊച്ചിയിലാണ് ഇതിനായുള്ള പരീക്ഷാകേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. കൊച്ചിയ്ക്ക് പുറമെ ബംഗളൂരു, മുംബൈ, മധുരൈ, ലഖ്നൗ, ഗാസിയാബാദ്, അജ്മീർ, അഹമ്മദാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ നേരിട്ടുള്ള അംഗീകാരത്തോടെയാണ് ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം. സ്കിൽ ടെസ്റ്റ് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പാസ്പോർട്ട് വിവരങ്ങൾ നൽകി മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്തശേഷമാണ് ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകേണ്ടത്.
മൂന്നു വർഷം മുൻപ് ലേബർ കാറ്റഗറിയിലുള്ള വിസകൾക്കാണ് ഇത്തരത്തിൽ സ്കിൽ ടെസ്റ്റ് ആദ്യമായി നിർബന്ധമാക്കിയത്. പിന്നീട് ലോഡിങ്-അൺലോഡിങ് വിസകൾ ഉൾപ്പെടെയുള്ള മുഴുവൻ ലേബർ വിസ വിഭാഗങ്ങൾക്കും ഇത് വ്യാപിപ്പിക്കുകയായിരുന്നു.
2030-ഓടെ സൗദിയിലെ തൊഴിൽ മേഖല സമ്പൂർണമായി പരിഷ്കരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ തൊഴിൽ നയങ്ങൾ നടപ്പിലാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

