രാജ്യാന്തര സമ്പദ്രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിലും സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. രാജ്യാന്തര വിപണിയിൽ വില നഷ്ടത്തിൽ തുടരുന്നുണ്ടെങ്കിലും കേരളത്തിൽ ഇന്ന് രാവിലെ സ്വർണവിലയിൽ നേരിയ വർധനയാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 15 രൂപ വർധിച്ച് സ്വർണവില 14,185 രൂപയിലെത്തി. കൂടാതെ, 120 രൂപ ഉയർന്ന് 1,13,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.
18 കാരറ്റ് സ്വർണവില പരിശോധിക്കുമ്പോൾ ഗ്രാമിന് 10 രൂപ വർധിച്ച് 11,655 രൂപയായി മാറിയിട്ടുണ്ട്. അതേസമയം, വെള്ളി വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല; ഒരു ഗ്രാം വെള്ളിക്ക് 250 രൂപ എന്ന നിരക്കിൽ തുടരുന്നു.
രാജ്യാന്തര വിപണിയിലെ വില വർധനയും കുറവും സംബന്ധിച്ച് കടുത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. യുഎസ് പ്രസിഡന്റ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ വൈകാതെ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷകൾക്ക് വഴിയൊരുക്കിയിരുന്നു.
സൗദിയിൽ നിന്ന് എണ്ണ കയറ്റുമതി സജീവമായതിനെ തുടർന്ന് എണ്ണവില താഴ്ന്നതും ആഗോള സമ്പദ്മേഖലകൾക്ക് ഉണർവേകിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില 100 ഡോളറിന് താഴെ എത്തുകയും ചെയ്തു.
ഇത് രാജ്യാന്തര സ്വർണവിലയെ മേലോട്ട് നയിക്കുകയും, വില ഔൺസിന് ഒരുവേള 4375 ഡോളറിലെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇറാന്റെ വിമാനങ്ങളെ ലോകത്തെല്ലായിടത്തും വിലക്കാനുള്ള യുഎസിന്റെ നിർദേശം എണ്ണ വില വീണ്ടും കൂടാനിടയാക്കി.
ഇതിനെത്തുടർന്ന് ബ്രെന്റ് ക്രൂഡ് വീണ്ടും 101 ഡോളർ കടന്നു. ഈ സാഹചര്യം പണപ്പെരുപ്പം, പലിശഭാരം എന്നിവ സംബന്ധിച്ച ഭീതി വീണ്ടും വിപണിയിൽ അലയടിക്കാൻ കാരണമായി.
ഡോളറും ബോണ്ട് യീൽഡും തങ്ങളുടെ നഷ്ടം നികത്താൻ തുടങ്ങിയതോടെ, രാജ്യാന്തര സ്വർണവില 4338 ഡോളറിലേക്ക് താഴുകയായിരുന്നു. രാജ്യാന്തര വിപണിയിൽ വില കൂടുതൽ ഇടിയുകയാണെങ്കിൽ കേരളത്തിലും വൈകാതെ തന്നെ സ്വർണവില താഴാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

