ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ഭിന്നതകൾ നീങ്ങാൻ വഴിയൊരുക്കി ട്രംപിന്റെ ‘ഗാസ സമാധാന’ ഉടമ്പടി. ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകളിൽ മികച്ച പുരോഗതിയുമുണ്ടെന്ന് കഴിഞ്ഞദിവസം എക്സിൽ വ്യക്തമാക്കിയത് ഓഹരി വിപണിക്കും കയറ്റുമതി രംഗത്തെ കമ്പനികൾക്കും വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
നിലവിൽ യുഎസ് ഇന്ത്യയ്ക്കുമേൽ ചുമത്തുന്ന 50% തീരുവ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയുമാണ് ഇതിലൂടെ തെളിയുന്നത്.
അടുത്തയാഴ്ചകളിലായി ചർച്ചകൾ തുടരാൻ മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ തീരുമാനമായിട്ടുണ്ട്. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ തുടർഘട്ട
ചർച്ചകൾ വൈകാതെ നടക്കുമെന്ന് പിന്നാലെ കേന്ദ്ര വാണിജ്യ മന്ത്രാലയവും പ്രസ്താവനയിറക്കി. മോദിയെ വ്യക്തിപരമായി തന്റെ ഏറ്റവും മികച്ച സുഹൃത്തായാണ് ട്രംപ് കാണുന്നതെന്ന് കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ എത്തിയ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോറും പറഞ്ഞിരുന്നു.
Spoke to my friend, President Trump and congratulated him on the success of the historic Gaza peace plan.
Also reviewed the good progress achieved in trade negotiations. Agreed to stay in close touch over the coming weeks.
‘‘മിസ്റ്റർ പ്രൈം മിനിസ്റ്റർ, യു ആർ ഗ്രേറ്റ്’’ എന്നെഴുതി ട്രംപ് ഒപ്പിട്ട ചിത്രം ഗോർ നരേന്ദ്ര മോദിക്ക് നേരിട്ട് കൈമാറുകയും ചെയ്തു.
മോദിയുമായി കൂടിക്കാഴ്ച നടത്തിയ ഗോർ വ്യാപാരം, പ്രതിരോധം, ധാതുക്കൾ തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങൾ ചർച്ചയായെന്നും പറഞ്ഞിരുന്നു.
വിപണികളിൽ വൻ പ്രതീക്ഷ
യുഎസുമായുള്ള വ്യാപാരക്കരാർ ചർച്ച വീണ്ടും ട്രാക്കിലാകുന്നുവെന്ന് മോദി സൂചിപ്പിച്ചതോടെ, കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിലേക്ക് കയറിയിരുന്നു. കേരളം ആസ്ഥാനമായ കിറ്റെക്സ് ഉൾപ്പെടെ വസ്ത്ര കയറ്റുമതി രംഗത്തെ കമ്പനികളുടെ ഓഹരികളും അന്ന് മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.
കിറ്റെക്സിന്റെ ഓഹരിവില 11% വരെ ഉയർന്നു.ജനറിക് മരുന്നുകൾക്ക് തീരുവ കൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയത് ഫാർമ ഓഹരികളും നേട്ടമാക്കിയിരുന്നു.
മോദിയും ട്രംപും വീണ്ടും സൗഹൃദം പുതുക്കിയതും ഇന്ത്യയ്ക്കുമേലുള്ള തീരുവഭാരം കുറയാൻ വ്യാപാരക്കരാർ വഴിയൊരുക്കുമെന്ന പ്രതീക്ഷകളും ഈയാഴ്ചയും നേട്ടം നിലനിർത്താൻ ഓഹരി വിപണികൾക്ക് സഹായകമായേക്കും. എന്നാൽ, ചൈനയ്ക്കുമേൽ ട്രംപ് അപ്രതീക്ഷിതമായി 100% അധിക തീരുവ പ്രഖ്യാപിച്ചതും റെയർ എർത്ത് കയറ്റുമതിയിൽ ചൈന വീണ്ടും നിയന്ത്രണം കടുപ്പിച്ചതും കനത്ത ആശങ്കയുമായിട്ടുണ്ട്.
ട്രംപ് ചൈനയ്ക്കെതിരെ ആഞ്ഞടിച്ചതോടെ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ ഓഹരികൾ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.
ഓഹരികൾക്ക് പുറമേ ക്രിപ്റ്റോകറൻസി, എണ്ണ വിപണികളും ഉലഞ്ഞു. ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തികശക്തികൾ വീണ്ടും പരസ്പരം ഏറ്റുമുട്ടുന്നത് ആഗോള സാമ്പത്തികമേഖലയ്ക്ക് വൻ ആഘാതമാകുമെന്നിരിക്കേ, ഓഹരി വിപണികളിലുൾപ്പെടെ വിൽപന സമ്മർദം അലയടിക്കുകയായിരുന്നു.
നഷ്ടത്തിന്റെ കാറ്റ് ഇന്ത്യയിലും വീശുമോയെന്ന ആശങ്കയും ശക്തമാണ്. എന്നാൽ, ചൈനയ്ക്കുമേൽ കനത്ത തീരുവ പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് നേട്ടമാകുമെന്ന വിലയിരുത്തലുകളുമുണ്ട്.
An honor to be with PM
this evening.
Our relationship with India will only strengthen over the months ahead! 🇺🇸🇮🇳
ടെൻഷൻ മാഞ്ഞിട്ടില്ല!
റഷ്യൻ എണ്ണ വാങ്ങുന്നതിന്റ പേരിൽ ചുമത്തുന്ന 25% ഉൾപ്പെടെ മൊത്തം 50 ശതമാനമാണ് ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് തീരുവ.
നവംബർ ഒന്നുമുതൽ ചൈനയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് തീരുവ 130-150 ശതമാനമാകും. ചൈനീസ് കമ്പനികളെ പിന്തള്ളി, ഈ സാഹചര്യം അനുകൂലമാക്കാൻ ഇന്ത്യൻ കമ്പനികൾക്ക് കഴിഞ്ഞേക്കും.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ച തുടരുമെന്നതും ഇരട്ടിമധുരമാകും.
എങ്കിലും വിപണിയിൽ ‘റിസ്ക് ഘടകങ്ങൾ’ ഉണ്ടെന്ന് നിരീക്ഷകർ പറയുന്നു. ഒന്ന്, യുഎസ്-ചൈന വ്യാപാരയുദ്ധം ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വ രാജ്യങ്ങളിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടാൻ ഇടയാക്കിയേക്കും.
ഓഹരികൾക്ക് പുറമേ രൂപയ്ക്കും ഇതു വലിയ സമ്മർദമാകും. ഇന്ത്യയിൽ ആഭ്യന്തര ഘടകങ്ങളും പ്രസക്തമാണ്. ഐടി കമ്പനിയായ ടിസിഎസ് കഴിഞ്ഞയാഴ്ച പ്രവർത്തനഫലം പുറത്തുവിട്ടിരുന്നു.
ഏറക്കുറെ നിരീക്ഷക പ്രവചനങ്ങൾക്കൊപ്പം നിൽക്കാൻ ടിസിഎസിന് കഴിഞ്ഞെങ്കിലും ജീവനക്കാരുടെ എണ്ണം കുറയുന്നെന്ന കണക്കുകൾ തിരിച്ചടിയാണ്.
ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര എന്നിവയുടെ സെപ്റ്റംബർപാദ പ്രവർത്തനഫലവും വൈകാതെ പുറത്തുവരുമെന്നത് നിക്ഷേപകരിൽ ‘ടെൻഷൻ’ കൂട്ടിയിട്ടുണ്ട്. ഇന്ത്യയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഈയാഴ്ച അറിയാം.
പണപ്പെരുപ്പം നേരിയതോതിൽ കൂടുന്ന ട്രെൻഡായിരുന്നു കഴിഞ്ഞമാസത്തെ റിപ്പോർട്ടിലുണ്ടായിരുന്നത്. സെപ്റ്റംബറിലും സമാന ട്രെൻഡാണ് ദൃശ്യമാകുന്നതെങ്കിലും അതും വിപണിക്ക് ആശങ്കയാകും.
ട്രംപിനെ വിശ്വസിക്കാമോ?
യുഎസുമായി ഇന്ത്യ വ്യാപാരക്കരാരിൽ ഏർപ്പെട്ടാലും അത് അന്തിമമായിരിക്കുമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പാണ് ജിടിആർഐ പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ നൽകുന്നത്.
ട്രംപിന്റെ നിലവിലെ പ്രവർത്തശൈലി പരിഗണിച്ചാൽ ഏത് നിമിഷവും ഏകപക്ഷീയമായ അദ്ദേഹം മാറ്റങ്ങൾ കൊണ്ടുവന്നേക്കും. ചൈനയ്ക്കുമേൽ ഇപ്പോൾ 100% തീരുവ പ്രഖ്യാപിച്ചത് ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
യുഎസ്-ചൈന ബന്ധം വീണ്ടും മെച്ചപ്പെടുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദായേക്കുമെന്ന സൂചനകളും ട്രംപ് നൽകിയിട്ടുണ്ട്. അതേസമയം, ട്രംപ് ചൈനയ്ക്കുമേൽ തീരുവ കുത്തനെ കൂട്ടിയതും ചൈന റെയർ എർത്ത് കയറ്റുമതി നിയന്ത്രിച്ചതും ഈ രംഗത്തെ നിരവധി കമ്പനികൾക്ക് കനത്ത ആഘാതമാണ്.
ഇവി, സോളർ, സെമികണ്ടക്ടർ എന്നിവയുടെ ഉൽപാദനച്ചെലവ് കൂടിയേക്കുമെന്നത് കമ്പനികളെ വലയ്ക്കും.
Pleased to meet Ambassador-designate Sergio Gor of the US today in New Delhi. Discussed the India-US relationship and its global significance.
Wish him the best for his new responsibility. 🇮🇳🇺🇸
ഇന്ത്യ-യുഎസ് വ്യാപാരം
സുഹൃദ് രാജ്യമായിട്ടും ട്രംപ് ഏറ്റവുമധികം തീരുവ അടിച്ചേൽപ്പിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ.
50% തീരുവ പ്രാബല്യത്തിൽ വന്നത് ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഏതാണ്ട് 50 ബില്യൻ ഡോളറിന്റെ (ഏകദേശം 4.4 ലക്ഷം കോടി രൂപ) കയറ്റുമതിയെയാണ് ഏറക്കുറെ സ്തംഭിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള വസ്ത്രം, സീഫുഡ്, കയർ, സുഗന്ധവ്യഞ്ജനം തുടങ്ങിയ മേഖലകളിലെ കമ്പനികളെയും ഇതു ബാധിച്ചിരുന്നു.
2024-25ലെ കണക്കുപ്രകാരം 131.84 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമായി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു യുഎസ്. ഇതിൽ 86.5 ബില്യനും ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

