പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങളിൽ സാധ്യമായ രീതിയിലുള്ള ഇടപെടലുകളും സഹായങ്ങളും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റവന്യു മന്ത്രി എ.പി.അനിൽകുമാർ വ്യക്തമാക്കി. കോട്ടയം ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന റവന്യു വകുപ്പിന്റെ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില്ലേജ് ഓഫീസുകളാണ് റവന്യു വകുപ്പിന്റെ യഥാർത്ഥ മുഖമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഓഫീസുകളിൽ എത്തുന്ന എല്ലാ അപേക്ഷകളിലും അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നില്ലെങ്കിലും, ജനങ്ങളുടെ പരാതികൾ ക്ഷമയോടെ കേൾക്കാനും അവരെ ആശ്വസിപ്പിക്കാനുമുള്ള ബാധ്യത ജീവനക്കാർക്കുണ്ട്.
പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഉദ്യോഗസ്ഥരുടെ ഔദാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട
വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാണ് എൽ.ഡി.എഫ് സർക്കാർ മുൻഗണന നൽകുന്നത്. സർവേ നടപടികൾക്കായി മതിയായ സ്ഥിരം ജീവനക്കാരില്ലാത്ത സാഹചര്യം സർക്കാർ ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്.
സ്ഥിരം തസ്തികകളിൽ നിയമനം നടക്കുന്നത് വരെ താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തി സർവേ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകണം. കൂടാതെ, പട്ടികജാതി-പട്ടികവർഗ കോളനികളിലെ മുഴുവൻ ഭൂവുടമകൾക്കും ഒരു വർഷത്തിനുള്ളിൽ പട്ടയം വിതരണം ചെയ്യണമെന്നും മന്ത്രി കർശന നിർദ്ദേശം നൽകി.
ഭൂമി പതിച്ചുനൽകൽ, പട്ടയ വിതരണം, ഭൂമി ഏറ്റെടുക്കൽ, തരംമാറ്റം, കൈയേറ്റം ഒഴിപ്പിക്കൽ, ഡിജിറ്റൽ സർവേ, സ്മാർട്ട് വില്ലേജ് നിർമ്മാണം, നികുതി പിരിവ്, കുടിശിക നിവാരണം, ഓഡിറ്റ്, ദുരന്തനിവാരണം തുടങ്ങിയ വിവിധ വിഷയങ്ങളിലെ പുരോഗതി ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. യോഗത്തിൽ ലാൻഡ് റവന്യു കമ്മിഷണർ എച്ച്.ദിനേശൻ, ജോയിന്റ് കമ്മിഷണർ സഫ്ന നസ്റുദീൻ, ജില്ലാ കലക്ടർ ചേതൻ കുമാർ മീണ, സർവേ ഡയറക്ടർ ജെ.ഒ.അരുൺ, അഡിഷനൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, പാലാ, കോട്ടയം ആർ.ഡി.ഒമാർ, വിവിധ ഡപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, സ്പെഷൽ തഹസിൽദാർമാർ, ഡപ്യൂട്ടി തഹസിൽദാർമാർ, സീനിയർ-ജൂനിയർ സൂപ്രണ്ടുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

