കായിക രംഗത്ത് നിന്ന് വിരമിച്ച ശേഷം ബിസിനസ് മേഖലയിൽ തിളങ്ങിയ നിരവധി പേരുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുബ്ലെ അത്തരത്തിലൊരാളാണ്.
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ കുംബ്ലെ ക്രിക്കറ്റ് കരിയറിന് ശേഷം മികച്ച സംരംഭകനായി മാറുകയായിരുന്നു. ഏതാണ്ട് 92 കോടി രൂപയുടെ ആസ്തി താരത്തിനുണ്ടെന്നാണ് റിപ്പോർട്ട്.
ടെൻവിക്ക്
1999ല് പാക്കിസ്ഥാനെതിരെ നടന്ന ഡൽഹി ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ താരം 10 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.
ഇതുവരെ ആരും നേടാത്ത റെക്കോർഡ്. ഇതിന്റെ ഓർമയെന്നോണം 2010ലാണ് താരം ടെൻവിക്ക് എന്ന സംരംഭത്തിന് തുടക്കമിടുന്നത്.
കുട്ടികൾക്കും പരിശീലകർക്കും കായിക പാഠങ്ങൾ ശീലിപ്പിക്കുന്ന കമ്പനിയാണ് ടെൻവിക്ക്.
കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് രാജ്യത്തെ 80,000 കുട്ടികൾക്കാണ് ടെൻവിക്ക് പരിശീലനം നല്കിയത്. പല പ്രമുഖ ബ്രാൻഡുകളുമായും സഹകരണവുമുണ്ട്.
2012ൽ ടെൻവിക്ക് റീട്ടെയിൽ എന്ന പേരില് കുട്ടികൾക്കുള്ള കായിക ഉപകരണങ്ങൾ വിൽക്കുന്നൊരു ബ്രാൻഡും താരം തുടങ്ങി.
ബാറ്റിലൊരു കംപ്യൂട്ടർ
2017ലാണ് വ്യവസായിയായ ഗൗരവ് മന്ചണ്ടയ്ക്കൊപ്പം അനിൽ കുംബ്ലെ സ്പെക്ടാകോം എന്ന കമ്പനി തുടങ്ങുന്നത്. ക്രിക്കറ്റ് ബാറ്റിൽ പതിപ്പിക്കുന്ന ഒരു സ്റ്റിക്കറായിരുന്നു കമ്പനി നിർമിച്ചിരുന്നത്.
വെറുമൊരു സ്റ്റിക്കറുണ്ടാക്കാൻ എന്തിനാണ് ഇത്രയും വലിയ കമ്പനിയെന്ന് ചിന്തിക്കാൻ വരട്ടെ. നിറയെ സെൻസറുകളുള്ള ഒരു പ്രത്യേക സ്റ്റിക്കറാണിത്.
ബാറ്റിന്റെ വേഗത, ശക്തി, എവിടെയാണ് ബോൾ പതിച്ചത്, മറ്റേതെങ്കിലും രീതിയിൽ ഷോട്ട് കളിക്കാമായിരുന്നോ തുടങ്ങിയ നിരവധി വിവരങ്ങൾ സെൻസറുകൾ ഘടിപ്പിച്ച ഈ ‘പവർ ബാറ്റ്’ ഒപ്പിയെടുക്കും.
മൈക്രോസോഫ്റ്റും അഷൂർ ക്ലൗഡുമൊക്കെ ആയിട്ടാണ് സഹകരണം. മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണത്തിനിടെ പ്രദർശിപ്പിക്കുന്ന വിവരങ്ങളിലും ഈ ഡാറ്റ ഉപയോഗിക്കുന്നുണ്ട്.
താരങ്ങൾക്കും പരിശീലകർക്കും കൃത്യമായ പരിശീലനം നടത്താനും ഈ ഡാറ്റ ഉപകാരപ്രദം.
സ്മാർട്ട്ഫോണിലെ പ്രത്യേക ആപ്പിലൂടെ തൽസമയം വിവരങ്ങൾ ലഭിക്കുകയും ചെയ്യും. വിവിധ റൗണ്ടുകളിലായി ഏതാണ്ട് 13 കോടി രൂപ സമാഹരിക്കാനും കമ്പനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്നിങ്സ് സ്റ്റാർട്ടപ്പുകളിലും
സ്വന്തം സംരംഭങ്ങൾക്ക് പുറമെ നിരവധി സ്റ്റാർട്ടപ്പുകളിലും താരം നിക്ഷേപം നടത്തിയിട്ടുണ്ട്.
ഗിഗ് ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന ഓൺഷൂരിറ്റി എന്ന സ്റ്റാർട്ടപ്പിൽ 2022ലാണ് താരം നിക്ഷേപം നടത്തിയത്. കൂടാതെ സസ്യങ്ങളിൽ നിന്ന് ഇറച്ചിയുണ്ടാക്കുന്ന ഷകാ ഹാരിയെന്ന സ്റ്റാർട്ടപ്പിലും താരത്തിന് സാനിധ്യമുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കൊപ്പം ഡ്രോൺ നിർമാണ കമ്പനിയായ ഗരുഡ എയ്റോസ്പേസിലും താരം നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതിന് പുറമെ കമന്റേറ്ററായും പരസ്യങ്ങളിൽ അഭിനയിച്ചും പ്രഭാഷണങ്ങൾ നടത്തിയും താരം വരുമാനം കണ്ടെത്തുന്നുണ്ട്. ക്രിക്കറ്റ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് നിലവിൽ താരം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

