സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാക്കിസ്ഥാന് തിരിച്ചടിയായി മറ്റൊരു അന്വേഷണ റിപ്പോർട്ട് കൂടി പുറത്ത്. വിമാനങ്ങൾ ദീർഘകാലം നിർത്തിയിട്ടതിനെ തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് കോർപറേഷൻ (പിഐഎസി) നേരിട്ടത് 2,200 കോടി പാക്കിസ്ഥാൻ രൂപയുടെ നഷ്ടം.
അറ്റകുറ്റപ്പണിക്കായി 44 മുതൽ 239 ദിവസം വരെയാണ് വിമാനങ്ങൾ പറക്കാതെ നിർത്തിയിടുന്നതെന്ന് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് പറയുന്നു. ഒരു വിമാനം 652 ദിവസം വരെ പറക്കാതിരുന്നതായും കണ്ടെത്തിയിട്ടുണ്.
കടബാധ്യതയെ തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് പുതിയ റിപ്പോർട്ട് കൂടി പുറത്തുവന്നത്.
മറ്റ് രാജ്യങ്ങൾക്ക് നൽകേണ്ട വായ്പക്ക് പകരമായി ജെഎഫ് 17 പോര് വിമാനങ്ങൾ വില്ക്കാനും പാക്കിസ്ഥാൻ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കമ്പനി അധികൃതരുടെ അനാസ്ഥയാണ് വിമാനങ്ങൾ ഇത്രയും ദിവസം നിർത്തി ഇടേണ്ടി വന്നതെന്നാണ് കണ്ടെത്തൽ.
ഇതുമൂലം 2,182 കോടി പാക്കിസ്ഥാൻ രൂപയുടെ നഷ്ടമുണ്ടായി. കാലപ്പഴക്കം ചെന്ന വിമാനങ്ങളുടെ ഭാഗങ്ങൾ ശരിയായ രീതിയിൽ പൊളിച്ചുമാറ്റാത്തത് മൂലം 860 കോടിയുടെയും നഷ്ടം നേരിട്ടു.
ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നിർദ്ദേശം നടപ്പിലാക്കാത്തത് മറ്റൊരു 261 കോടിയും നഷ്ടപ്പെടുത്തി. വായ്പാ തിരിച്ചടവിലെ ക്രമക്കേടുകൾ 166.9 കോടിയുടെയും നഷ്ടമുണ്ടാക്കി.
വിമാനങ്ങളുടെ സ്പെയര് പാർട്സുകൾ വാങ്ങിയതിൽ 11.2 കോടിയുടെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി കാരണമാണ് വിമാനങ്ങൾ ഇത്രയും ദിവസം നിർത്തി ഇടേണ്ടി വന്നതെന്നാണ് എയർലൈൻ അധികൃതരുടെ വിശദീകരണം.
കടം തീർക്കാൻ പുതിയ വഴി
അതിനിടെ വായ്പ തിരിച്ചടയ്ക്കാൻ പുതിയ വഴിയുമായി പാക്കിസ്ഥാൻ.
വായ്പ നേരിട്ട് അടയ്ക്കുന്നതിന് പകരം പോർവിമാനങ്ങളും പാക് സേനയുടെ ബിസിനസുകളിലെ ഓഹരി പങ്കാളിത്തവുമാണ് പാക്കിസ്ഥാന് മുന്നോട്ടുവെക്കുന്നത്. രണ്ട് ബില്യൻ ഡോളറിന്റെ വായ്പയ്ക്ക് പകരം ജെഎഫ് 17 പോർ വിമാനം നൽകാമെന്ന് സൗദി അറേബ്യയോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.
കൂടാതെ പാക് സേനയുടെ കീഴിലുള്ള ഫൗജി ഫൗണ്ടേഷനിൽ ഒരു ബില്യൻ ഡോളറിന് തുല്യമായ ഓഹരി പങ്കാളിത്തം നൽകാമെന്ന് യുഎഇയോടും പാക്കിസ്ഥാൻ നിർദേശിച്ചിട്ടുണ്ട്.
ചൈനയുമായി ചേർന്ന് നിർമിച്ച ജെഎഫ് 17 പോർ വിമാനങ്ങൾ ബംഗ്ലാദേശ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്ക് വിൽക്കാൻ പാക്കിസ്ഥാൻ ശ്രമങ്ങൾ നടത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

