നിക്ഷേപകരുടെ പണം തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹലാല്‍ ഫായിദ സഹകരണ സംഘം പ്രതിസന്ധിയില്‍. ഇസ്ലാമിക ബാങ്കിംഗ് മാതൃകയില്‍ സിപിഎം നിയന്ത്രണത്തില്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒമ്പത് വര്‍ഷം മുമ്പ് നിക്ഷേപിച്ച തുക ഇതുവരെ തിരികെ ലഭിച്ചില്ലെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി. ചീഫ് പ്രമോട്ടറായിരുന്ന യുവജനക്ഷേമ ബോര്‍ഡ് ചെയര്മാൻ എം ഷാജർ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ലെന്ന് നിക്ഷേപകനായ നാസര്‍ കെ പി പ്രതികരിച്ചു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ ഇതിനോടകം മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. മുസ്ലീം സമൂഹത്തെ വിശ്വാസത്തിലെടുക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ 2017 ഡിസംബറിലാണ് പലിശരഹിത ബാങ്കിംഗ് സംവിധാനമെന്ന പേരില്‍ കണ്ണൂരില്‍ ഈ സഹകരണ സംഘത്തിന് തുടക്കമിട്ടത്.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടകന്‍. അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായിരുന്ന എം ഷാജറിനെയാണ് ചീഫ് പ്രമോട്ടറായി ചുമതലപ്പെടുത്തിയിരുന്നത്.
ബീഫ് കയറ്റുമതി ഉള്‍പ്പെടെയുള്ള വിപുലമായ പദ്ധതികളാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. തുടക്കത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തെങ്കിലും ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്ഥാപനം പൂട്ടിപ്പോവുകയായിരുന്നു.
വര്‍ഷങ്ങള്‍ പലകഴിഞ്ഞിട്ടും നിക്ഷേപിച്ച തുക തിരിച്ചുനല്‍കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രധാന പരാതി. വരവ്-ചെലവ് കണക്കുകള്‍ സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിലവില്‍ ഭരണസമിതിയില്‍ ആരെല്ലാമാണ് ഉള്ളതെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. പാര്‍ട്ടി നേതാക്കളെ ബന്ധപ്പെട്ടിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്ന് നാസര്‍ കെ പി വ്യക്തമാക്കി.
തുടര്‍ന്നാണ് ടി കെ ഗോവിന്ദന് എംഎല്‍എ മുഖേന മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നല്കാന് നിക്ഷേപകര്‍ തയ്യാറായത്. എന്നാല്‍, ഈ വിഷയത്തില്‍ യാതൊരു പ്രതികരണത്തിനില്ലെന്നാണ് എം ഷാജര്‍ വ്യക്തമാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

