സാമ്പത്തിക വളർച്ച സംബന്ധിച്ച് അമിതാവേശം വേണ്ടെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ.
ജിഡിപി വളർച്ചനിരക്ക് 6 ശതമാനത്തിൽ നിന്ന് 8 ശതമാനത്തിലേക്ക് ഉയർന്നതിനാൽ, അതിവേഗം ചൈനയെയും യുഎസിനെയും പോലെ ആഗോള ശക്തിയായി വളരാനാകുമെന്നാണ് ഇന്ത്യക്കാരുടെ പ്രതീക്ഷ. എന്നാൽ, 8 ശതമാനം വളർച്ച നിലനിർത്തിയാൽപ്പോലും ആ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് 15, 20 മുതൽ 30 വർഷം വരെ വേണ്ടിവരുമെന്ന് രഘുറാം രാജൻ പറഞ്ഞു.
സമ്പദ്രംഗത്ത് ഇന്ത്യ ഇപ്പോഴും അവരെ അപേക്ഷിച്ച് ‘ചെറുതാണെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു.
യുബിഎസ് സെന്റർ ഫോർ ഇക്കണോമിക്സ് ഇൻ സൊസൈറ്റിയുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജൻ. 6% വീതം വാർഷിക വളർച്ചയാണ് ഇന്ത്യ നേടുന്നതെങ്കിൽ 2047ലും ഇന്ത്യ ‘ലോവർ മിഡിൽ ഇൻകം ക്ലാസ്’ സമ്പദ്വ്യവസ്ഥയായി തന്നെ തുടരുമെന്ന് രാജൻ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയെ 2047ഓടെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
യുബിഎസിന്റെ ഇതേ പരിപാടിയിലാണ് കഴിഞ്ഞദിവസം രാജൻ അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചതും മോദിക്കെതിരായ തന്റെ വിമർശനം മയപ്പെടുത്തിയതും. പകരംതീരുവ വിഷയത്തിൽ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
പാക്കിസ്ഥാന് 19% പകരംതീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയത് 50 ശതമാനമാണ്. ഇത് മോദിയുടെ മുഖത്തിനു കിട്ടിയ അടിയാണെന്നും എവിടെ കൊട്ടിഘോഷിച്ച മോദി-ട്രംപ് ഫ്രണ്ട്ഷിപ്പെന്നുമായിരുന്നു രാജൻ നേരത്തേ ചോദിച്ചത്.
എന്നാൽ, യുബിഎസ് സെന്റർ ഫോർ ഇക്കണോമിക് ഡയലോഗിൽ രാജൻ നിലപാട് മയപ്പെടുത്തി.
ട്രംപ് ഇന്ത്യയ്ക്കുമേൽ തീരുവ ചുമത്തിയതിന് പിന്നിലെ യഥാർഥകാരണം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതല്ലെന്നും മറിച്ച് വ്യക്തികൾ തമ്മിലെ വിഷയമാണെന്നും രാജൻ പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതെന്ന് താനാണെന്ന് ട്രംപ് ഡസൻകണക്കിന് തവണ അവകാശപ്പെട്ടിരുന്നു.
ട്രംപ് പറഞ്ഞതിങ്ങനെ: ‘‘7 വിമാനങ്ങൾ വെടിവച്ചിട്ടു.
8-ാമത്തേതിന് നല്ല കേടുപറ്റി. ഫലത്തിൽ 8 വിമാനങ്ങൾ തകർന്നു.
ഇതൊരു യുദ്ധമാണ്. നിങ്ങൾ യുദ്ധം നിർത്തുന്നില്ലെങ്കിൽ നിങ്ങളുമായി വ്യാപാര ഡീലിനില്ലെന്ന് ഞാൻ അവരോട് (ഇന്ത്യയോടും പാക്കിസ്ഥാനോടും) പറഞ്ഞു.
അപ്പോൾ അവർ പറഞ്ഞു ഇതും വ്യാപാരവുമായി ബന്ധമില്ലെന്ന് അവർ പറഞ്ഞു. ഞാൻ പറഞ്ഞു, അല്ല, ബന്ധമുണ്ട്.
നിങ്ങൾ ആണവശക്തികളാണ്. നിങ്ങളുമായി വ്യാപാരത്തിന് ഞങ്ങളില്ല.
തൊട്ടടുത്ത ദിവസം അവർ എന്നെ വിച്ചു പറഞ്ഞു – നിർത്തി, യുദ്ധം നിർത്തി’’.
ട്രംപിനെ വാദത്തെ പരസ്യമായി പിന്തുണ പാക്കിസ്ഥാൻ, സംഘർഷം അവസാനിപ്പിച്ചതിന് ട്രംപിന് നന്ദി പറഞ്ഞത ഓർക്കണമെന്ന് രാജൻ പറഞ്ഞു. എന്നാൽ, ഇന്ത്യ വിപരീത നിലപാട് സ്വീകരിച്ചത് ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നു.
ട്രംപ് കാരണമല്ല സംഘർഷം അവസാനിപ്പിച്ചതെന്നും പാക്കിസ്ഥാന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് നേരിട്ട് വിളിച്ച് അഭ്യർഥിച്ചതു പ്രകാരമാണ് ഇന്ത്യ വെടിനിർത്തലിലേക്ക് കടന്നെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.
സത്യം ഇതിന്റെ ഇടയിലെവിടെയോ ആണ്. എങ്കിലും, ഇന്ത്യയുടെ നിലപാടിൽ പ്രകോപിതനായാണ് ട്രംപ് ഇന്ത്യയ്ക്കുമേൽ 50 ശതമാനവും പാക്കിസ്ഥാനുമേൽ വെറും 19 ശതമാനവും തീരുവ പ്രഖ്യാപിച്ചത്.
അത് വ്യക്തിപരമാണ്. റഷ്യൻ എണ്ണയല്ല വിഷയം.
ഹംഗറി ഇപ്പോഴും വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്. അതു കുഴപ്പമില്ലെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടല്ലോ എന്നത് ഓർക്കണമെന്നും രാജൻ പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധത്തിൽ വിള്ളൽ വീണതിനുപിന്നിലെ യഥാർഥ കാരണം നമുക്ക് അറിയില്ല. എങ്കിലും സമവായമുണ്ടാകുമെന്നും ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഡീലിലേക്ക് വൈകാതെ എത്തുമെന്നാണ് കരുതുന്നതെന്നും രാജൻ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

